അഭിനയം മാത്രമല്ല, ബിസിനസും വഴങ്ങും; ആക്ടിംഗ് ഉപേക്ഷിച്ച് 830 കോടിയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത സീരിയല്‍ താരം
കരിയറിന്റെ വിജയഘട്ടത്തില്‍ അതുപേക്ഷിച്ച് മറ്റൊരു വ്യത്യസ്ത പാത തിരഞ്ഞെടുക്കുന്നത് വലിയൊരു ചലഞ്ചാണ്. വിജയത്തിന്റെ ഉന്നതിയില്‍ നില്‍ക്കുന്ന സമയം തികച്ചും വ്യത്യസ്തമായ പാത തിരഞ്ഞെടുക്കാന്‍ ധൈര്യവും ആത്മവിശ്വാസവും ഉണ്ടായിരിക്കണം. പുതിയ പാത വിജയത്തിലെത്തിക്കാനുള്ള ചങ്കൂറ്റവും. ഇത്തരത്തില്‍ അഭിനയ രംഗത്ത് മികച്ച വിജയത്തില്‍ എത്തിനില്‍ക്കെ അതുപേക്ഷിച്ച് ബിസിനസ് ആരംഭിച്ച് ഇന്ന് 830 കോടി ആസ്തി മൂല്യമുള്ള കമ്പനിയുടെ സ്ഥാപകയായി അനേകംപേര്‍ക്ക് പ്രചോദനമാകുന്നയാളാണ് ആഷ്‌ക ഗോരാഡിയ.
നിരവധി ഹിറ്റ് ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന താരമാണ് ആഷ്‌ക. 2002ല്‍ ‘അച്ചാനക് 37 സാല്‍ ബാദ്’ എന്ന പരമ്പരയിലൂടെയാണ് ആഷ്‌ക അഭിനയരംഗത്ത് എത്തുന്നത്. ഇതിലെ കുമുദ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ അകേല, സിന്തൂര്‍ തെരേ നാം കാ, മേരെ അപ്ന, വിരുദ്ധ് എന്നീ സീരിയലുകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് ഏറെ പ്രശസ്തയായത്. നിരവധി റിയാലിറ്റി ഷോകളുട*!*!*!െയും ഭാഗമായി. 2019ലെ ‘ദായന്‍’ എന്ന പരമ്പരയിലാണ് അവസാനമായി അഭിനയിച്ചത്. ഇതിനുശേഷമാണ് ആക്ടിംഗ് കരിയര്‍ ഉപേക്ഷിച്ച് ബിനിനസ് രംഗത്ത് എത്തുന്നത്.
2020ലാണ് സുഹൃത്തുക്കളായ അശുതോഷ് വലാനി, പ്രിയങ്ക് ഷാ എന്നിവരോടൊപ്പം ചേര്‍ന്ന് സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ബിസിനസ് ആരംഭിക്കാന്‍ തീരുമാനിക്കുന്നത്. തുടര്‍ന്നായിരുന്നു ‘റെനീ കോസ്മെറ്റിക്സ്’ എന്നപേരില്‍ വിപണിയിലെത്തുന്നത്. വെറും രണ്ടുവര്‍ഷം കൊണ്ട് 834 കോടി രൂപ മൂല്യമുള്ള കമ്പനിയായി വളര്‍ന്നിരിക്കുകയാണ് റെനി കോസ്മെറ്റിക്സ്. ഈ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൂല്യം 400 കോടിയാക്കുകയെന്നതാണ് ലക്ഷ്യമെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ആഷ്‌ക പറഞ്ഞിരുന്നു. അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി 2022 ഡിസംബറില്‍തന്നെ 25 മില്യണ്‍ കോടിയുടെ മൂല്യത്തിലെത്തിയിരുന്നു. റെനി കോസ്മെറ്റിക്സ് ഓണ്‍ലൈനിലും ലഭ്യമാണ്. രാജ്യത്തുടനീളമായി 650ല്‍ അധികം സ്റ്റോറുകളും കമ്പനിക്കുണ്ട്. സൗന്ദര്യവര്‍ദ്ധക രംഗത്തെ പ്രമുഖരായ ഫല്‍ഗുനി നയ്യാറുടെ നൈക, വിനീത സിംഗിന്റെ സുഗര്‍ കോസ്മെറ്റിക്സ് എന്നിവരുമായാണ് റെനീ കോസ്മെറ്റിക്സ് മത്സരിക്കുന്നത്.