പിടിമുറുക്കി നമീബിയ!! 134 റൺസിനിടെ ഇന്ത്യയ്ക്ക് നഷ്ടമായത് 4 വിക്കറ്റുകൾ, സഞ്ജു (22), ഇഷാൻ (61), ക്യാപ്റ്റൻ (12), തിലക് (25) പുറത്ത്

ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ ഹാട്രിക് സിക്സർ തൂക്കി മലയാളി താരം സഞ്ജു സാംസൺ. നമീബിയയ്‌ക്കെതിരായ മത്സരത്തിലെ ആദ്യ ഓവറിന്റെ അവസാന പന്തിലാണ് സഞ്ജു സിക്‌സറടിച്ചത്. സഞ്ജു നേരിട്ട നാലാം പന്തായിരുന്നു ഇത്. ആദ്യ മൂന്നു പന്തുകളിലും താരത്തിന് റണ്ണൊന്നും നേടാനായില്ല. തൊട്ടടുത്ത ഓവറിൽ നേരിട്ട ആദ്യ രണ്ടു പന്തും സഞ്ജു സിക്സടിച്ചതോടെ ഹാട്രിക് സിക്‌സായി. അടുത്ത പന്തിൽ ഒരു ബൗണ്ടറിയും നേടി. തൊട്ടടുത്ത പന്ത് വീണ്ടും സിക്സർ തൂക്കാൻ ശ്രമിച്ച സഞ്ജു പുറത്തായി. 8 പന്തിൽ മൂന്നു സിക്സും ഒരു ബൗണ്ടറിയും സഹിതം 22 റൺസാണ് സഞ്ജുവിന്റെ അക്കൗണ്ടിൽ ചേർത്തത്.
അതേസമയം വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഇഷാൻ കിഷൻ 24 പന്തിൽ ആറ് ഫോറും 5 സിക്സറുമടക്കം 61 റൺസെടുത്ത് പുറത്തായി. 22 റൺസെടുത്ത തിലക് വർമയും 12 റൺസെടുത്ത ക്യാപ്റ്റൻ സൂര്യകുമാറും പുറത്തായി.
ടോസ് നേടിയ നമീബിയ ക്യാപ്റ്റൻ ജെറാർഡ് ഇറാസ്മസ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായരുന്നു. ഓപ്പണർ അഭിഷേക് ശർമയ്ക്കു പകരം മലയാളി താരം സഞ്ജു സാംസൺ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ എത്തി. അതേസമയം സഞ്ജു തന്നെയാണ് വിക്കറ്റ് കീപ്പറും. പേസർ ജസ്പ്രീത് ബുമ്ര തിരിച്ചെത്തിയതോടെ മുഹമ്മദ് സിറാജ് പുറത്തായി. എന്നാൽ പരുക്കു മാറി തിരിച്ചെത്തിയ ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദർ പ്ലേയിങ് ഇലവനിലിൽ ഇടംപിടിച്ചില്ല. നമീബിയ ടീമിലും രണ്ടു മാറ്റമുണ്ട്. 2021ലെ ട്വന്റി20 ലോകകപ്പിലാണ് നമീബിയ ഇന്ത്യയെ ഒടുവിൽ നേരിട്ടത്. മത്സരം ഇന്ത്യ 9 വിക്കറ്റിനു ജയിച്ചിരുന്നു.






