തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം വിവാദത്തില്‍ തൃശ്ശൂര്‍ കമ്മിഷണര്‍ അങ്കിത് അശോകനെ സ്ഥലം മാറ്റി. പകരം ആര്‍.ഇളങ്കോ തൃശ്ശൂര്‍ കമ്മീഷണറാകും. അങ്കിത് അശോകന് പുതിയ പോസ്റ്റിങ് നല്‍കിയിട്ടില്ല. നേരത്തേ തന്നെ അങ്കിത് അശോകനെ സ്ഥലം മാറ്റാനുള്ള തീരുമാനമെടുത്തിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണമാണ് ഉത്തരവ് വൈകിയത്.
തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതിനെത്തുടര്‍ന്നാണ് സ്ഥലം മാറ്റാന്‍ തീരുമാനിച്ചിരുന്നത്. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പോലീസ് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് തര്‍ക്കം ഉടലെടുക്കുകയും വെടിക്കെട്ട് വൈകുകയുമായിരുന്നു. രാവിലെ 7.15-ഓടെയാണ് വെടിക്കെട്ട് ആരംഭിച്ചത്.
പോലീസ് കമ്മിഷണര്‍ അങ്കിത് അശോകന്റെ നേതൃത്വത്തില്‍ വെടിക്കെട്ടുസ്ഥലത്തുനിന്ന് ഭൂരിഭാഗം ജീവനക്കാരെയും കമ്മിറ്റി അംഗങ്ങളെയും ഒഴിവാക്കാനുള്ള നീക്കവും തര്‍ക്കത്തിനിടയാക്കിയിരുന്നു. പൂരത്തിന് ആനകള്‍ക്ക് നല്‍കാന്‍ കൊണ്ടുവന്ന പട്ടയും കുടമാറ്റത്തിനെത്തിച്ച കുടയും കമ്മിഷണര്‍ അങ്കിത് അശോകന്‍ തടയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ‘എടുത്തു കൊണ്ട് പോടാ പട്ട’ എന്ന് കമ്മിഷണര്‍ ആക്രോശിക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് അങ്കിത് അശോകനെ സ്ഥലം മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അതിന് അനുവാദം നല്‍കിയിരുന്നില്ല.