KeralaNEWS

മാലിന്യടാങ്കില്‍ തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ച സംഭവം; ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കും, ഉടമയ്‌ക്കെതിരെ കേസ്

കോഴിക്കോട്: കോവൂരില്‍ ഹോട്ടല്‍ മാലിന്യ ടാങ്കില്‍ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് കോര്‍പറേഷന്‍ ആരോഗ്യവിഭാഗം അറിയിച്ചു. മുന്‍കരുതല്‍ ഇല്ലാതെ തൊഴിലാളികളെ ടാങ്കില്‍ ഇറക്കിയതിനാണ് നടപടി. സംഭവത്തില്‍ ഹോട്ടല്‍ ഉടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. ഫൊറന്‍സിക് സംഘം മാലിന്യ ടാങ്കിലെ സാംപിള്‍ ശേഖരിച്ചു. സംഭവത്തില്‍ ഹോട്ടല്‍ ഉടമയുടെയും കെട്ടിട ഉടമയുടെയും മൊഴി രേഖപ്പെടുത്തും.

കിനാലൂര്‍ എറമ്പറ്റ താഴ മങ്ങാട്ടുമ്മല്‍ അശോകന്‍ (56), നടുവണ്ണൂര്‍ കരുവണ്ണൂര്‍ തോലേറ്റിയില്‍ റെനീഷ് (43) എന്നിവരാണ് മരിച്ചത്. ഇരിങ്ങാടന്‍പള്ളി കാളാണ്ടിത്താഴം റോഡിലെ അമ്മാസ് ദാബ ഹോട്ടലില്‍ ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അപകടം. 7 അടിയോളം താഴ്ചയുള്ള ടാങ്കില്‍ 2 അടിയോളം ദ്രവരൂപത്തില്‍ മാലിന്യം ഉണ്ടായിരുന്നു. പൂട്ടിക്കിടക്കുന്ന ഹോട്ടല്‍, നടത്തിപ്പുകാര്‍ മാറുന്നതിന്റെ മുന്നോടിയായി നവീകരിക്കുമ്പോഴാണ് ദുരന്തം.

Signature-ad

ടാങ്കിന്റെ ആള്‍നൂഴി (മാന്‍ഹോള്‍) മാറ്റി ഇറങ്ങിയ അശോകന്‍ ടാങ്കിലേക്ക് കുഴഞ്ഞുവീണു. രക്ഷിക്കാന്‍ ഇറങ്ങിയ റിനീഷും കുഴഞ്ഞുവീഴുകയായിരുന്നു. മറ്റൊരാള്‍ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും പിന്മാറി. തുടര്‍ന്ന്, അഗ്‌നിരക്ഷാസേന എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. സ്ഥലത്തുണ്ടായിരുന്ന ഹോട്ടല്‍ നടത്തിപ്പുകാരി ജുബ്‌ന ബോധരഹിതയായി വീണതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.

Back to top button
error: