CrimeNEWS

മലദ്വാരത്തില്‍ ഒളിപ്പിച്ച് എയര്‍ ഹോസ്റ്റസിന്റെ സ്വര്‍ണ്ണക്കടത്ത്; സൊറാബിയെ റാക്കറ്റുമായി ബന്ധപ്പെടുത്തിയത് സുഹൈല്‍

കണ്ണൂര്‍: മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താനുള്ള ശ്രമത്തിനിടെ എയര്‍ ഹോസ്റ്റസ് പിടിയിലായ സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. എയര്‍ ഇന്ത്യ എക്സ്പ്രസ് സീനിയര്‍ കാബിന്‍ ക്രൂ തില്ലങ്കേരി സ്വദേശി തനലോട്ട് സുഹൈലിനെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 10 വര്‍ഷമായി കാബിന്‍ ക്രൂവായി ജോലി ചെയ്യുകയാണ്. കോടതിയില്‍ ഹാജരാക്കിയ സുഹൈലിനെ റിമാന്‍ഡ് ചെയ്തു.

കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങും. കഴിഞ്ഞ ദിവസം മസ്‌കറ്റില്‍നിന്ന് കണ്ണൂരിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എയര്‍ ഹോസ്റ്റസായ കൊല്‍ക്കത്ത സ്വദേശിനി സൊറാബി ഖാതൂനെയാണ് സ്വര്‍ണക്കടത്തിന് അറസ്റ്റുചെയ്തത്.

Signature-ad

സ്വര്‍ണക്കടത്ത് സംഘവുമായി സൊറാബിയെ ബന്ധപ്പെടുത്തുന്നതില്‍ സുഹൈലിന് കാര്യമായ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡി.ആര്‍.െഎ. നടത്തിയ പരിശോധനയിലാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച 960 ഗ്രാം സ്വര്‍ണ്ണമായി സൊറാബിയെ പിടികൂടിയത്.

പ്രാഥമിക ചോദ്യംചെയ്യലിന്‌ശേഷം മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയ സൊറാബിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഇവര്‍ കണ്ണൂര്‍ വനിതാ ജയിലിലാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ഡി.ആര്‍.ഐ. വൃത്തങ്ങള്‍ അറിയിച്ചു.

മുമ്പ് പലതവണ ഇവര്‍ സ്വര്‍ണ്ണം കടത്തിയതായാണ് ഇതുവരെ ലഭിച്ച തെളിവുകള്‍ സൂചിപ്പിക്കുന്നത്. മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്തിയതിന് വിമാനജീവനക്കാര്‍ പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യ സംഭവമാണിത്.

Back to top button
error: