തൃശ്ശൂര്‍/തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടും ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഞായറാഴ്ചയും ഓറഞ്ച് അലര്‍ട്ടാണ്.
കാലവര്‍ഷം വരവറിയിച്ചതിന് പിന്നാലെ സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയാണ്. അതിശക്തമായി തുടരുന്ന മഴയില്‍ തൃശ്ശൂര്‍ നഗരത്തില്‍ വിവിധയിടങ്ങളിലായി വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡില്‍ കെട്ടി നില്‍ക്കുന്ന വെള്ളം ഒഴുകിപ്പോകാത്ത സ്ഥിതിയാണ്. നഗരത്തിന്റെ ഭൂരിഭാഗം റോഡുകളിലും വെള്ളപ്പൊക്കം രൂപപ്പെട്ട് ഗതാഗതം സ്തംഭിച്ചു. ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയാണെന്നാണ് റിപ്പോര്‍ട്ട്.
തൃശ്ശൂരില്‍ ശനിയാഴ്ച രാവിലെ മുതല്‍ ആരംഭിച്ച മഴ ഇപ്പോഴും ശമിച്ചിട്ടില്ല. വ്യാപകമായ നാശനഷ്ടവും ജില്ലയിലുണ്ടായിട്ടുണ്ട്. നഗരത്തിലെ മൂന്ന് ആശുപത്രികളില്‍ വെള്ളം കയറി. ഇരിങ്ങാലക്കുടി, പൂതംകുളം ജങ്ഷന്‍, കുന്നംകുളം എന്നിവിടങ്ങളിലും വെള്ളക്കെട്ടുണ്ട്.
വെള്ളം കയറിയതോടെ ചില വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.വീടുകളിലും വെള്ളംകയറി. ഒല്ലൂരില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് ട്രെയിന്‍ ഗതാഗതം അല്പസമയത്തേക്ക് തടസ്സപ്പെട്ടു. തൃശ്ശൂരില്‍ ഇടിമിന്നലേറ്റ് രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോതംകുളം സ്വദേശി നിമിഷ, വേലൂര്‍ സ്വദേശി ഗണേഷന്‍ എന്നിവരാണ് മരിച്ചത്.