ന്യൂയോര്‍ക്ക്: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെ വംശഹത്യ എന്ന് വിളിച്ച നഴ്‌സിനെ ജോലിയില്‍നിന്ന് പുറത്താക്കി. പാലസ്തീന്‍- അമേരിക്കന്‍ വംശജയായ നഴ്‌സിനെയാണ് ന്യൂയോര്‍ക്ക് സിറ്റി ആശുപത്രി അധികൃതര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. പ്രവര്‍ത്തന മികവിനുള്ള അവാര്‍ഡ് സ്വീകരണവേളയില്‍ നടത്തിയ പ്രസംഗത്തിലാണ് ലേബര്‍ ആന്‍ഡ് ഡെലിവറി നഴ്സ് ഹെസെന്‍ ജാബര്‍ വിവാദ പരാമര്‍ശം നടത്തിയത്. ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാവരുതെന്ന് കര്‍ശനമായി വിലക്കിയിരുന്നു എന്നും ഇത് ലംഘിച്ചതിനാണ് നടപടി എന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
അവാര്‍ഡ് സ്വീകരണവേളയില്‍ നടത്തിയ പ്രസംഗത്തില്‍ ഗാസയിലെ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥയെക്കുറിച്ച് നടത്തിയ പ്രസംഗമാണ് ഹെസെന്‍ ജാബറിന് വിനയായത്. ”ഗാസയില്‍ ഇപ്പോള്‍ നടക്കുന്ന വംശഹത്യയില്‍ എന്റെ രാജ്യത്തെ സ്ത്രീകള്‍ സങ്കല്പിക്കാനാവാത്ത നഷ്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത് എന്നെ കഠിനമായി വേദനിപ്പിക്കുന്നുണ്ട്” – എന്നതായിരുന്നു പരാമര്‍ശം. പരാമര്‍ശം ഉണ്ടായപ്പോള്‍ തന്നെ ജാബറിന്റെ സഹപ്രവര്‍ത്തകരില്‍ പലരും അസ്വസ്ഥരായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ചിലരും പരാതി നല്‍കിയിരുന്നു എന്നും കരുതുന്നുണ്ട്.
അതേസമയം, ഗാസയില്‍ ഇസ്രയേല്‍ ഇപ്പോഴും ശക്തമായ ആക്രമണമാണ് നടത്തുന്നത്. കഴിഞ്ഞ എട്ടുമാസത്തിനിടെ 36,000 പേര്‍ മരിച്ചുവെന്നാണ് പ്രാദേശിക ആരോഗ്യ മന്ത്രാലയം പറയുന്നത്. ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. ഗുരുതരമായി പരിക്കേറ്റത് ആയിരങ്ങള്‍ക്കാണ്. യുദ്ധവും ഉപരോധവും മൂലം ആഹാരവും വെള്ളവും ഇല്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നുമുണ്ട്. യുദ്ധം അവസാനിപ്പിക്കണമെന്ന് ലോകരാജ്യങ്ങള്‍ ഇസ്രയേലിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. അതിനിടെ ഇക്കഴിഞ്ഞ 26ന് അഭയാര്‍ത്ഥികളായി റഫയിലെത്തിയവര്‍ കഴിഞ്ഞിരുന്ന സുരക്ഷിമേഖലകളിലെ ക്യാമ്പുകള്‍ക്കുമേല്‍ ഇസ്രയേല്‍ കടുത്ത ആക്രമണം നടത്തിയിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ മുപ്പത്തഞ്ചുപേരാണ് ഇതില്‍ കൊല്ലപ്പെട്ടത്.
യുഎന്‍ആര്‍ഡബ്ല്യുഎ ലോജിസ്റ്റിക്സ് സ്പേസിന് സമീപത്തുള്ള ക്യാമ്പാണ് ആക്രമിക്കപ്പെട്ടത്. യുഎന്‍ നിയന്ത്രണത്തിലുള്ള സ്ഥലം എന്ന നിലയില്‍ സുരക്ഷിതമാണെന്ന് കരുതി നിരവധി പേരാണ് ഇവിടെ കഴിഞ്ഞിരുന്നത്. പ്ലാസ്റ്റിക്കും തുണിയും കൊണ്ട് നിര്‍മ്മിച്ച ടെന്റുകളിലാണ് ജനങ്ങള്‍ താമസിച്ചിരുന്നത്. ഇതാണ് മരണസംഖ്യ ഉയര്‍ത്തിയതും. സ്‌ഫോടനത്തില്‍ ടെന്റുകള്‍ക്ക് തീ പിടിച്ചതോടെ ഉള്ളിലുണ്ടായിരുന്നവര്‍ വെന്തുമരിക്കുകയായിരുന്നു. മണിക്കൂറുകളുടെ കഠിന പരിശ്രമത്തിനൊടുവിലായിരുന്നു തീ നിയന്ത്രണ വിധേയമാക്കിയത്. ഗുരുതരമായി പൊള്ളലേറ്റവരെ സമീപത്തുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചെങ്കിലും അവര്‍ക്ക് മതിയായ ചികിത്സ നല്‍കാനുള്ള സംവിധാനങ്ങള്‍ അവിടെ ഇല്ലാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.