കോഴിക്കോട്: തേഞ്ഞിപ്പാലം പോക്സോ കേസിലെ ഇര ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥന് പങ്കില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. പീഡനത്തിനിരയായ പെണ്‍കുട്ടിയും ഭര്‍ത്താവും തമ്മിലുള്ള അസ്വാരസ്യമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസിന്റെ ഔദ്യോഗിക വിശദീകരണത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, പെണ്‍കുട്ടി വിവാഹിതയായിരുന്നില്ല എന്നാണ് വീട്ടുകാര്‍ പറയുന്നത്.
പോക്സോ കേസില്‍ നടപടിക്രമങ്ങള്‍ പാലിക്കാത്ത അന്വേഷണ ഉദ്യോഗസ്ഥനാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദിയെന്നും ഇയാള്‍ക്കെതിരെ നടപടി വേണമെന്നും സാമൂഹിക പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍, ഡി.ജി.പിക്ക് നിവേദനം നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലും ഉദ്യോഗസ്ഥന്റെ മാനസിക പീഡനത്തെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. തുടര്‍ന്ന് എ.സി.പിയോട് ഡി.ജി.പി റിപ്പോര്‍ട്ട് തേടി.
എന്നാല്‍, ആരോപണം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ജാഗ്രതക്കുറവ് ഉണ്ടായെന്നുമാണ് ഫറോക്ക് എ.സി.പിയുടെ റിപ്പോര്‍ട്ട്. ജാഗ്രതക്കുറവുണ്ടായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തില്ലെന്ന് കാണിച്ച് നൗഷാദ് തെക്കയില്‍ വീണ്ടും പരാതി നല്‍കി. ഈ പരാതിക്ക് ഉത്തരമേഖലാ ഐ.ജി നല്‍കിയ മറുപടിയിലാണ് അവിവാഹിതയായ അതിജീവിതയുടെ ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവുമായുള്ള അസ്വാരസ്യമാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
പോക്സോ കേസിലെ രണ്ട് പ്രതികളെ തെളിവില്ലെന്ന കാരണത്താല്‍ കോടതി നേരത്തേ വിട്ടയച്ചിരുന്നു. ഇതിനെതിരെ അപ്പീല്‍ പോകുമെന്ന് ഇരയുടെ മാതാവ് പറഞ്ഞിരുന്നു. കേസില്‍ രാഷ്ട്രീയക്കാരുടെ ഇടപെടല്‍ ഉണ്ടായെന്നും നീതിക്കായി പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും പുനരന്വേഷണം ആവശ്യപ്പെടുമെന്നും മാതാവ് പറഞ്ഞു.