SportsTRENDING

തോൽവിയിലും വിപണിമൂല്യം ഉയർത്തി കേരള ബ്ലാസ്റ്റേഴ്സ് 

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളില്‍ സെമിഫൈനല്‍ കാണാതെ പുറത്തായെങ്കിലും കളിക്കളത്തിനു പുറത്ത് മികച്ച പ്രകടനത്തോടെ കേരള ബ്ലാസ്റ്റേഴ്സ്.

ലീഗിലെ 12 ക്ലബ്ബുകളില്‍ വിപണിമൂല്യത്തിന്റെ വർധനയില്‍ ഒന്നാം സ്ഥാനവും മൊത്തം മൂല്യത്തില്‍ രണ്ടാമതുമാണ് കേരള ക്ലബ്ബ്. ഏപ്രില്‍ 15 വരെയുള്ള കണക്കില്‍ 53.2 കോടിയാണ് ബ്ലാസ്റ്റേഴ്സിന്റെ വിപണിമൂല്യം. കഴിഞ്ഞ വർഷം ഏപ്രിലില്‍ ഇത് 42.4 കോടി രൂപയായിരുന്നു. 25.5 ശതമാനമാണ് വളർച്ച. 60.2 കോടി രൂപയുടെ മൂല്യവുമായി കൊല്‍ക്കത്ത ക്ലബ്ബ് മോഹൻബഗാനാണ് ഒന്നാമത്. മുൻവർഷമിത് 52.2 കോടി രൂപയായിരുന്നു.

 

ലീഗിലെ ക്ലബ്ബുകളില്‍ ചെന്നൈയിൻ എഫ്.സിക്കും ഹൈദരാബാദ് എഫ്.സി.ക്കുമാണ് മൂല്യത്തില്‍ ഇടിവുണ്ടായത്. 32.2 കോടിയുണ്ടായിരുന്ന ചെന്നൈയുടേത് 29.4 കോടിയായി. സീസണില്‍ തകർന്നുപോയ ഹൈദരാബാദ് എഫ്.സി.ക്ക് കളത്തിനുപുറത്തും കനത്തനഷ്ടമാണ്.32.4 കോടി മൂല്യമുണ്ടായിരുന്നത് കൂപ്പുകുത്തി 8.8 കോടിയായിമാറി. 72.8 ശതമാനമാണ് കുറവ്.

 

മികച്ച യുവകളിക്കാരുടെ സാന്നിധ്യവും വിദേശതാരങ്ങളുടെ മികച്ച പ്രകടനവും ബ്ലാസ്റ്റേഴ്സിന്റെ ഗ്രാഫുയർത്തി. ഹോം ഗ്രൗണ്ടിലെ കാണികളുടെ എണ്ണവും അനുകൂലമായി. ലീഗില്‍ ഏറ്റവും കൂടുതല്‍ സ്പോണ്‍സർഷിപ്പുകളുള്ള ടീമാണ് ബ്ലാസ്റ്റേഴ്സ്.

 

പ്രഭ്സുഖൻ സിങ് ഗില്‍, സഹല്‍ അബ്ദുസമദ്, ആയുഷ് അധികാരി എന്നിവരെ കൈമാറിയതിലൂടെയും ജസ്റ്റിൻ ഇമ്മാനുവലിനെ വായ്പയായി നല്‍കിയതിലൂടെയുമാണ് ക്ലബ്ബിന് വലിയതുക സമാഹരിക്കാൻ കഴിഞ്ഞത്.

 

ഹോം ഗ്രൗണ്ടിലെ കാണികളുടെ എണ്ണത്തില്‍ ലീഗില്‍ രണ്ടാംസ്ഥാനത്താണ് ടീം. കൊച്ചി ജവാഹർലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെ കപ്പാസിറ്റിക്കുറവാണ് ടീമിന് ഒന്നാംസ്ഥാനം നഷ്ടമാക്കിയത്. 11 കളിയിലായി 3.02 ലക്ഷം കാണികള്‍ കൊച്ചിയിലെത്തി. 3.82 ലക്ഷം കാണികളുമായി ബഗാനാണ് ഒന്നാമത്. മൂന്നാംസ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിന് 1.79 ലക്ഷം കാണികളേയുള്ളൂ.

Back to top button
error: