IndiaNEWS

വാട്‌സാപ്പ് ഇന്ത്യ വിട്ടേക്കുമെന്ന് സൂചന

ന്യൂഡൽഹി: വാട്‌സാപ്പ് ഇന്ത്യ വിട്ടേക്കുമെന്ന സൂചന. എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്ബനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചു. അഭിഭാഷകന്‍ മുഖേനയാണ് കമ്ബനി നിലപാട് വ്യക്തമാക്കിയത്.
സന്ദേശങ്ങള്‍ എന്‍ക്രിപ്ട് ചെയ്യുകയും സ്വകാര്യത നല്‍കുകയും ചെയ്യുന്നതുകൊണ്ടാണ് നിരവധിപേര്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നതെന്നും മെറ്റ കോടതിയില്‍ വ്യക്തമാക്കി.

ഏതൊക്കെ സന്ദേശങ്ങളാണ് ഡിക്രീപ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നത് അറിയില്ലെന്നും ദശലക്ഷക്കണക്കിന് മെസേജുകളാണ് ദിവസേന പ്രത്യേക നെറ്റ്വര്‍ക്കില്‍ സൂക്ഷിക്കേണ്ടി വരികയെന്നും കമ്ബനി പറയുന്നു. സോഷ്യല്‍ മീഡിയ ഇടനിലക്കാര്‍ക്കുള്ള 2021 ലെ ഐടി നിയമങ്ങളെ ചോദ്യം ചെയ്ത് വാട്ട്സ്‌ആപ്പും മാതൃ കമ്ബനിയായ മെറ്റയും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുകയായിരുന്നു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് മന്‍മീത് പ്രീതം സിംഗ് അറോറ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും) റൂള്‍സ്, 2021 ഫെബ്രുവരി 25ന് കേന്ദ്രം പ്രഖ്യാപിച്ചു. ഇതനുസരിച്ച്‌ ഏറ്റവും പുതിയ മാനദണ്ഡങ്ങള്‍ എക്‌സ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ പാലിക്കേണ്ടതുണ്ട്. എന്‍ക്രിപ്ഷന്‍ നീക്കം ചെയ്യാന്‍ പറഞ്ഞാല്‍ വാട്ട്സ്‌ആപ്പ് ഇന്ത്യവിട്ട് പോകും,”മെറ്റയ്ക്കായി ഹാജരായ അഭിഭാഷകന്‍ തേജസ് കാര്യ കോടതിയെ അറിയിച്ചു.

വിഷയം കക്ഷികള്‍ വാദിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച ബെഞ്ച്, സമാനമായ നിയമം മറ്റേതെങ്കിലും രാജ്യത്ത് നിലവിലുണ്ടോ എന്ന് ചോദിച്ചു.’ലോകത്ത് മറ്റൊരിടത്തും ഇത്തരമൊരു നിയമം ഇല്ല. ബ്രസീലില്‍ പോലും ഇല്ല,’ അഭിഭാഷകന്‍ മറുപടി പറഞ്ഞു. ഇതോടെ സ്വകാര്യത അവകാശങ്ങള്‍ കേവലമല്ലെന്നും എവിടെയെങ്കിലും ബാലന്‍സ് ചെയ്യണമെന്നും കോടതി പറഞ്ഞു. അതേസമയം, വര്‍ഗീയ കലാപം പോലുള്ള കേസുകളില്‍ ആക്ഷേപകരമായ ഉള്ളടക്കം പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുമ്ബോള്‍ ഈ നിയമത്തിന് പ്രാധാന്യമുണ്ടെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: