കൊച്ചി: കോട്ടയം പാറമ്പുഴ കൂട്ടക്കൊല കേസില്‍ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി. മാതാപിതാക്കളേയും മകനേയും കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി നരേന്ദ്ര കുമാറിന്റെ ശിക്ഷയാണ് ഇളവു ചെയ്തത്. പകരം 20 വര്‍ഷം ഇളവില്ലാതെ തടവുശിക്ഷ അനുഭവിക്കണം.
2015 മേയ് 16 നാണ് കൂട്ടക്കൊല നടക്കുന്നത്. പാറമ്പുഴയില്‍ ഡ്രൈക്ലീനിങ് സ്ഥാപനം നടത്തിയിരുന്ന ലാലസന്‍, ആരോഗ്യ വകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയ ഭാര്യ പ്രസന്ന, മൂത്ത മകന്‍ പ്രവീണ്‍ ലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഡ്രൈ ക്ലീനിങ് സ്ഥാപനത്തിലെ തൊഴിലാളിയായിരുന്ന ഉത്തര്‍പ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാറായിരുന്നു പ്രതി. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിശേഷിപ്പിച്ചാണ് 2017ല്‍ വിചാരണ കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്.
വധശിക്ഷയ്‌ക്കെതിരെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രതി കുറ്റക്കാരനെന്നു കണ്ടെത്തിയതും ശിക്ഷിച്ചതുമായ വിചാരണ കോടതിയുടെ നടപടി ഹൈക്കോടതി ശരിവച്ചു. സാഹചര്യത്തെളിവുകളാണ് പ്രതിക്കെതിരെ ഉള്ളത് എന്നത് പരിഗണിച്ചാണ് വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചത്. അതിക്രൂരമായ കൊലപാതകമാണ് നടന്നത് എന്നതില്‍ യാതൊരു സംശയവുമില്ലെന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാരും വി.എം.ശ്യാം കുമാറും ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.
ഡ്രൈക്ലീനിങ് സ്ഥാപനത്തില്‍ കിടന്നുറങ്ങുകയായിരുന്ന പ്രവീണ്‍ ലാലിനെയാണ് ഇയാള്‍ ആദ്യം കൊലപ്പെടുത്തിയത്. പിന്നീട് ഫോണ്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞ് ലാലസനെയും പ്രസന്നയെയും വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. ജോലി സ്ഥലത്തെ പ്രശ്‌നങ്ങളുടെ പേരിലും മോഷണം നടത്താനുമാണ് കൊല നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തിനു ശേഷം നാടുവിട്ട പ്രതിയെ യുപിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.