KeralaNEWS

സ്ഥലത്തില്ലാത്തവരുടെ വോട്ടുകള്‍ ചുളുവില്‍ പെട്ടിയിലാക്കാമെന്ന് വിചാരിക്കേണ്ട; കള്ളവോട്ട് ചെയ്യുന്നവര്‍ ഇത്തവണ വിവരമറിയും

കണ്ണൂര്‍: തിരഞ്ഞെടുപ്പ് സമയത്ത് പോളിംഗ് ബൂത്തുകളില്‍ ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ തടയാന്‍ കര്‍ശന നടപടിയാണ് ഇക്കുറി തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിച്ചിട്ടുള്ളത്. പോളിംഗില്‍ കൃത്രിമം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ അരുണ്‍ കെ.വിജയന്‍ അറിയിച്ചു.

1.എ.എസ്.ഡി ലിസ്റ്റ് റെഡി((സ്ഥലത്തില്ലാത്തവര്‍, സ്ഥലം മാറിയവര്‍, മരിച്ചവര്‍)

അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ബി.എല്‍.ഒ മുഖേന വോട്ടര്‍മാര്‍ക്ക് വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകള്‍ വിതരണം ചെയ്യുകയും സ്ലിപ്പുകള്‍ കൈപ്പറ്റാന്‍ സാധിക്കാത്തവരെ ഉള്‍പ്പെടുത്തി എ.എസ്.ഡി ലിസ്റ്റ് (സ്ഥലത്തില്ലാത്തവര്‍, സ്ഥലം മാറിയവര്‍, മരിച്ചവര്‍) ബി.എല്‍.ഒമാര്‍ തയ്യാറാക്കിയിട്ടുമുണ്ട്. ഈ ലിസ്റ്റില്‍ പേര് വരുന്ന ഓരോ വോട്ടറും അവരുടെ തിരിച്ചറിയലിനായി തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണം.

2.കര്‍ശനപരിശോധന
പ്രിസൈഡിംഗ് ഓഫീസര്‍ തിരിച്ചറിയല്‍ രേഖ വ്യക്തിപരമായി പരിശോധിക്കും. കൂടാതെ ഫോറം 17 എ യിലെ വോട്ടര്‍മാരുടെ രജിസ്റ്ററില്‍ ബന്ധപ്പെട്ട പോളിംഗ് ഓഫീസര്‍ എ.എസ്.ഡി എന്ന് രേഖപ്പെടുത്തും.വോട്ടര്‍മാരുടെ രജിസ്റ്ററില്‍ ഒപ്പിന് പുറമെ അത്തരം ഇലക്ടര്‍മാരുടെ ചുണ്ടൊപ്പും വാങ്ങും. നിശ്ചിത ഫോറത്തില്‍ ഡിക്ലറേഷറനം വാങ്ങും.മൊബൈല്‍ ആപ്പില്‍ പ്രിസൈഡിംഗ് ഓഫീസര്‍ ഇയാളുടെ ഫോട്ടോ എടുക്കുകയും പാര്‍ട്ട് നമ്പര്‍ സീരിയല്‍ നമ്പര്‍ രേഖപ്പെടുത്തുകയും ചെയ്യും.

3.വെബ് കാസ്റ്റിംഗ്

പോളിങ് ബൂത്തുകളില്‍ ക്രമക്കേട് ഉണ്ടാകുന്നത് തടയാന്‍ ജില്ലയിലെ മുഴുവന്‍ പോളിംഗ് സ്റ്റേഷനുകളിലും ലൈവ് വെബ് കാസ്റ്റിങ്ങിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. ജില്ലാ കേന്ദ്രത്തിലൊരുക്കിയ കണ്‍ട്രോള്‍ റൂമില്‍ നിന്ന് സദാ സമയവും ബൂത്തുകളിലെ നടപടികള്‍ നിരീക്ഷിക്കും. ചട്ട വിരുദ്ധമായ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ ആവശ്യമായ ഇടപെടല്‍ നടത്തും. ഇതിനാവശ്യമായ ഉദ്യോഗസ്ഥരെ വിവിധ തലങ്ങളിലായി നിയോഗിച്ചിട്ടുണ്ട്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും വെബ് കാസ്റ്റിംഗിന്റെ ദൃശ്യങ്ങള്‍ തല്‍സമയം നിരീക്ഷിക്കാന്‍ കഴിയും.

4.സഹായി വോട്ട്

അന്ധത മൂലം ബാലറ്റ് യൂനിറ്റില്‍ പതിപ്പിച്ച ചിഹ്നങ്ങള്‍ കാണാന്‍ സാധിക്കാതിരിക്കുകയോ ശാരീരിക അവശത മൂലം ബാലറ്റ് യൂനിറ്റില്‍ വിരല്‍ അമര്‍ത്തി വോട്ട് ചെയ്യാന്‍ സാധിക്കാതിരിക്കുകയോ ചെയ്യുന്ന വോട്ടര്‍ക്ക് സഹായിയുടെ സേവനം അനുവദിക്കും. പ്രിസൈഡിംഗ് ഓഫീസര്‍ക്ക് ബോദ്ധ്യപ്പെടുന്ന പക്ഷം, വോട്ടര്‍ ആഗ്രഹിക്കുകയാണെങ്കില്‍ 18 വയസ് പൂര്‍ത്തിയായ ഏതൊരാള്‍ക്കും സഹായി വോട്ടറായി പ്രവര്‍ത്തിക്കാം. എന്നാല്‍, ഒരേ ദിവസം ഒന്നില്‍ കൂടുതല്‍ വോട്ടര്‍മാരുടെ സഹായിയായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: