KeralaNEWS

ആലത്തൂരില്‍ രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ ആയുധങ്ങള്‍; പണിയായുധങ്ങളാണെന്ന് വിശദീകരണം

പാലക്കാട്: ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയും സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. സംഭവം വിവാദമായതോടെ വിഷയത്തില്‍ പോലീസ് ഇടപെട്ടിട്ടുണ്ട്. ദൃശ്യങ്ങളിലുള്ളവരോട് സ്റ്റേഷനിലെത്താന്‍ ചേലക്കര പോലീസ് ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് ഹാജരാകാനാണ് നിര്‍ദേശം.

അതേസമയം, കാറില്‍നിന്ന് മാറ്റിയത് പണിയായുധങ്ങളാണ് എന്നാണ് ദൃശ്യങ്ങളിലുള്ളവര്‍ പറയുന്നത്. വീഡിയോയിലുള്ളത് താന്‍ തന്നെയാണെന്ന് ഇടതുപ്രവര്‍ത്തകന്‍ സുരേന്ദ്രന്‍ സ്ഥിരീകരിച്ചു. ഫ്ളക്സ് വയ്ക്കാന്‍ പോയ മറ്റ് ചില പ്രവര്‍ത്തകരുടെ ആയുധങ്ങളാണ് വണ്ടിയിലുണ്ടായിരുന്നത്. കൊട്ടിക്കലാശത്തിന് പോകാന്‍ വണ്ടിയില്‍ കയറിയപ്പോഴാണ് ഇത് കണ്ടത്. വഴിയില്‍ പരിശോധന ഉണ്ടാകുമ്പോള്‍ പ്രശ്നമാകേണ്ട എന്നുകരുതി ആയുധങ്ങള്‍ മാറ്റിവച്ചതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. കനമുള്ള രണ്ട് വെട്ടുകത്തിയാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

ആരോപണം നിഷേധിച്ച് ഇടതുസ്ഥാനാര്‍ഥി കെ. രാധാകൃഷ്ണനും രംഗത്തെത്തി. പ്രചാരണവാഹനത്തില്‍ ആയുധം കൊണ്ടുനടക്കുന്ന പരിപാടി തങ്ങള്‍ക്കില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ദൃശ്യങ്ങളിലുള്ളത് ആരാണെന്നോ എന്താണ് സംഭവമെന്നോ അറിയില്ല. ബാലറ്റ് യുദ്ധമാണ് നടക്കുന്നത്, ആയുധ യുദ്ധമല്ല. ഇത് എന്താണ് സംഭവമെന്ന് അന്വേഷിച്ചോട്ടെ. എതിരാളികള്‍ക്ക് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് ഇതുമായി വന്നത്. പാര്‍ട്ടി പരിശോധിക്കേണ്ടതുണ്ടെങ്കില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Back to top button
error: