ചണ്ഡീഗഡ്: അസമിലെ ദിബ്രുഗഢ് ജയിലില്‍ കഴിയുന്ന ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്ന് അഭിഭാഷകന്‍. പഞ്ചാബിലെ ഖദൂര്‍ സാഹിബില്‍ നിന്നും മത്സരിച്ചേക്കുമെന്ന് അമൃത്പാലിന്റെ അഭിഭാഷകനായ രാജ്‌ദേവ് സിങ് ഖല്‍സ ബുധനാഴ്ച അറിയിച്ചു.
”വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു” നടപടിക്രമങ്ങള്‍ ആരംഭിച്ചാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നും ഖല്‍സ കൂട്ടിച്ചേര്‍ത്തു.’ഞങ്ങള്‍ വളരെക്കാലമായി അദ്ദേഹത്തെ കണ്ടിട്ട്. നാളെ ദിബ്രുഗഢ് ജയിലില്‍ വെച്ച് അദ്ദേഹത്തെ കാണും. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് അമൃത് ഞങ്ങളോട് പറഞ്ഞിട്ടില്ല. ഞങ്ങള്‍ക്ക് അതിനെക്കുറിച്ച് അറിവില്ല. അമൃത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ ഞങ്ങള്‍ അനുകൂലിക്കുന്നില്ല, പക്ഷേ അദ്ദേഹത്തെ കണ്ട് ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ ഞങ്ങള്‍ക്ക് എന്തെങ്കിലും പറയാന്‍ കഴിയൂ” അമൃത്പാലിന്റെ പിതാവ് ടാര്‍സെം സിങ് പറഞ്ഞു.
മാര്‍ച്ച് 18നാണ് ഖലിസ്ഥാന്‍ അനുകൂലിയും വാരിസ് പഞ്ചാബ് ദേ നേതാവുമായ അമൃത്പാല്‍ സിങ് ഒളിവില്‍ പോയത്. പൊലീസ് വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. 37 ദിവസങ്ങള്‍ക്ക് ശേഷമാണ് പഞ്ചാബിലെ മോഗയിലെ ഗുരുദ്വാരയക്ക് സമീപത്തു നിന്ന് അമൃത്പാലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അനുയായികളെ മോചിപ്പിക്കാന്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതടക്കം നിരവധി കേസുകള്‍ അമൃത്പാല്‍ സിങ്ങിന്റെ പേരിലുണ്ട്. അതേസമയം കീഴടങ്ങാമെന്ന് പൊലീസിനെ അമൃത്പാല്‍ തന്നെ അറിയിക്കുകയായിരുന്നുവെന്ന് ഗുരുദ്വാര അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. അമൃത്പാലിന് കീഴടങ്ങുക അല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. ദേശീയ സുരക്ഷാ നിയമ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ അമൃത്പാലിനെ അസമിലെ ദിബ്രു?ഗഢ് ജയിലില്‍ എത്തിക്കുകയായിരുന്നു.
അതേസമയം, കൊല്ലപ്പെട്ട ഗായകന്‍ സിദ്ധു മൂസെവാലെയുടെ പിതാവ് ബല്‍ക്കൗര്‍ സിംഗ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബട്ടിന്‍ഡ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, ബല്‍കൗറോ കുടുംബമോ ഇതിനോട് പ്രതികരിച്ചിട്ടില്ല.