KeralaNEWS

ശശിധരന്‍ കര്‍ത്തയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; വീട്ടില്‍നിന്നു രേഖകള്‍ കസ്റ്റഡിയിലെടുത്തെന്ന് ഇ.ഡി

കൊച്ചി: മാസപ്പടി കേസില്‍ സി.എം.ആര്‍.എല്‍ എം.ഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടില്‍ നിന്ന് രേഖകള്‍ കസ്റ്റഡിയിലെടുത്തെന്ന് ഇ.ഡി. ആലുവയിലെ വീട്ടില്‍ നടന്ന ചോദ്യംചെയ്യലിന് പിന്നാലെയാണ് നടപടി. ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണ് കര്‍ത്തയെ ചോദ്യം ചെയ്തത്.

പലതവണ ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ടിട്ടും കര്‍ത്ത ഹാജരായിരുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹരജി പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി കര്‍ത്തയെ വീട്ടില്‍ പോയി ചോദ്യം ചെയ്തത്. സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യലെന്ന് ഇ.ഡി പറഞ്ഞു.

Signature-ad

നേരത്തെ പ്രധാനപ്പെട്ട മൂന്ന് രേഖകള്‍ ഹാജരാക്കാനായി സി.എം.ആര്‍.എലിനോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. എക്സാലോജിക്കുമായി ഉണ്ടാക്കിയ കരാറും എക്സാലോജിക്കുമായി നടത്തിയ പണമിടപാട് രേഖകളും ഒപ്പം എന്ത് തരം സേവനങ്ങളാണ് എക്സാലോജിക്ക് നല്‍കിയതെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇ.ഡി ആവശ്യപ്പെട്ടത്. എന്നാല്‍ ഈ രേഖകള്‍ അതീവരഹസ്യമാണെന്നും എത്തിച്ചുതരാന്‍ സാധ്യമല്ല എന്ന നിലപാടായിരുന്നു സി.എം.ആര്‍.എല്‍ സ്വീകരിച്ചിരുന്നത്. ഈ പശ്ചാതലത്തിലാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അഞ്ച് ഉദ്യോഗസ്ഥരെ ഇ.ഡി ചോദ്യം ചെയ്തു. ചീഫ് ഫിനാന്‍സ് ഓഫീസര്‍ സുരേഷ് കുമാര്‍, ഐടി മാനേജര്‍ എന്‍.സി.ചന്ദ്രശേഖരന്‍, കമ്പനി സെക്രട്ടറി പി.സുരേഷ് കുമാര്‍, സീനിയര്‍ ഓഫീസര്‍ അഞ്ജു, മുന്‍ കാഷ്യര്‍ വാസുദേവന്‍ എന്നിവരെയാണ് അന്വേഷണസംഘം ചോദ്യം ചെയ്തത്.

സി.എം.ആര്‍.എല്‍ പ്രതിനിധികളില്‍ നിന്ന് പരമാവധി വിവരശേഖരണം നടത്തി ഉടന്‍ മുഖ്യമന്ത്രിയുടെ മകള്‍ ടി വീണയ്ക്ക് നോട്ടീസ് നല്‍കാനാണ് ഇ.ഡിയുടെ നീക്കം.

 

 

Back to top button
error: