ന്യൂഡല്‍ഹി: ഒമാനു സമീപം ഹോര്‍മുസ് കടലിടുക്കില്‍നിന്നു പിടിച്ചെടുത്ത ചരക്കുകപ്പലിലെ 17 ഇന്ത്യക്കാരെ നേരില്‍ കാണാന്‍ ഇന്ത്യന്‍ അധികൃതരെ ഉടന്‍ അനുവദിക്കുമെന്ന് ഇറാന് വിദേശകാര്യമന്ത്രി ഹുസൈന് ആമിര്‍ അബ്ദുല്ലാഹിയാന്‍ അറിയിച്ചു. ഇവരില്‍ 4 പേരാണു മലയാളികള്‍. എല്ലാവരും സുരക്ഷിതരാണെന്നു കേന്ദ്ര സര്‍ക്കാരും കപ്പല്‍ അധികൃതരും അറിയിച്ചു.
സെക്കന്‍ഡ് ഓഫിസര്‍ വയനാട് മാനന്തവാടി സ്വദേശി പി.വി.ധനേഷ് (32), സെക്കന്‍ഡ് എന്‍ജിനീയര്‍ കോഴിക്കോട് മാവൂര്‍ സ്വദേശി ശ്യാം നാഥ് ((31), തേഡ് എന്‍ജിനീയറായ പാലക്കാട് കേരളശ്ശേരി സ്വദേശി എസ്.സുമേഷ് (31), ട്രെയ്നിയായ തൃശൂര്‍ വെളുത്തൂര്‍ സ്വദേശി ആന്‍ ടെസ ജോസഫ് (21) എന്നിവരാണ് എംഎസ്സി ഏരീസ് കപ്പലിലെ മലയാളികള്‍.
ഇവരില്‍ സുമേഷും ആനും ശ്യാംനാഥും ആശങ്ക വേണ്ടെന്ന് അറിയിച്ച് ഇന്നലെ രാത്രി വീട്ടുകാരെ വിളിച്ചു. ഇസ്രയേലുമായുള്ള സംഘര്‍ഷത്തെത്തുടര്‍ന്നാണ് ഇറാന് കമാന്‍ഡോകള്‍ കപ്പല്‍ പിടിച്ചെടുത്തത്. ഇസ്രയേല്‍ ശതകോടീശ്വരന്‍ ഇയാല്‍ ഓഫറിന്റെ കമ്പനിക്കു ബന്ധമുള്ള കപ്പലാണിത്. ഇന്ത്യക്കാരെ ഉടന്‍ വിട്ടയയ്ക്കണമെന്ന് ഇറാന് വിദേശകാര്യമന്ത്രിയുമായുള്ള ഫോണ്‍ ചര്‍ച്ചയില്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ആവശ്യപ്പെട്ടു.