IndiaNEWS

പള്ളിയുടെ നിര്‍മാണത്തിനായി സംഭാവന ലഭിച്ച മുട്ട ലേലത്തില്‍ വച്ചു; വിറ്റു പോയത് ആരും പ്രതീക്ഷിക്കാത്ത വിലയ്ക്ക്

ശ്രീനഗര്‍: പള്ളിയുടെ നിര്‍മാണത്തിനായി സംഭവന ലഭിച്ച മുട്ട ലേലം ചെയ്തത് ആരും പ്രതീക്ഷിക്കാത്ത വിലയില്‍. ജമ്മു കാശ്മീരിലെ സോപോറിലെ മല്‍പോറ ഗ്രാമത്തിലെ പള്ളിക്ക് വേണ്ടി ആളുകള്‍ പല സാധനങ്ങളും സംഭാവനയായി നല്‍കിയിരുന്നു. അക്കൂട്ടത്തില്‍ ഒരു മുട്ടയും ഉണ്ടായിരുന്നു.

മസ്ജിദ് കമ്മിറ്റി മുട്ട സ്വീകരിക്കുകയും മറ്റ് സംഭാവനകള്‍ പോലെ ലേലത്തില്‍ വയ്ക്കുകയും ചെയ്തു. പിന്നീട് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു സംഭവിച്ചത്. ലേലത്തില്‍ പങ്കെടുത്തവരെ ഏറ്റവും ആകര്‍ഷിച്ചത് ഈ മുട്ടയായിരുന്നു.

Signature-ad

ലേലത്തില്‍ മുട്ട സ്വന്തമാക്കിയ ആള്‍ വീണ്ടും അത് പള്ളിക്ക് സംഭാവനയായി നല്‍കി. പള്ളി കമ്മിറ്റി അത് വീണ്ടും ലേലത്തില്‍ വച്ചു. അങ്ങനെ അത് പല കൈകളും മറിഞ്ഞ് ഒടുവില്‍ 70,000 രൂപയ്ക്ക് ഒരാള്‍ മുട്ട വാങ്ങിയതായി നാട്ടുകാര്‍ പറയുന്നു.

ആവര്‍ത്തിച്ചുള്ള മുട്ടലേലത്തിലൂടെ രണ്ട് ലക്ഷത്തിലധികം രൂപയാണ് പള്ളിക്ക് ലഭിച്ചത്. ‘ഈ മുട്ടയുടെ ലേലം പൂര്‍ത്തിയാക്കി, ഇതിലൂടെ 2.26 ലക്ഷം രൂപ സമാഹരിച്ചു.’ – പള്ളി കമ്മിറ്റി അംഗം പറഞ്ഞു.

നേരത്തെ തമിഴ്നാട്ടിലെ വില്ലുപുരത്തുള്ള മുരുക ക്ഷേത്രത്തില്‍ ഒമ്പത് നാരങ്ങകള്‍ 2.36 ലക്ഷം രൂപയ്ക്ക് ലേലം ചെയ്തത് വാര്‍ത്തയായിരുന്നു. മുരുകന്റെ കുന്തത്തില്‍ പൂജിച്ച നാരങ്ങയുടെ നീര് കുടിച്ചാല്‍ വന്ധ്യത മാറുമെന്നും കുടുംബത്തിന് ഐശ്വര്യമുണ്ടാകുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു. ഉത്സവത്തിന്റെ ഒമ്പത് ദിവസങ്ങളില്‍, ക്ഷേത്ര പൂജാരിമാര്‍ എല്ലാ ദിവസവും മുളയില്‍ നാരങ്ങ കുത്തുന്നു, അവസാന ദിവസം ക്ഷേത്രം അധികൃതര്‍ ഇത് ലേലം ചെയ്യുന്നു. ആദ്യ ദിവസം മുളയില്‍ കുത്തിവയ്ക്കുന്ന നാരങ്ങ ഏറ്റവും ഐശ്വര്യപ്രദവും ശക്തി കൂടുതലാണെന്നുമാണ് വിശ്വാസം.

 

Back to top button
error: