അതേസമയം അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി മലയാളികള്‍ ഒന്നടങ്കം കൈകോർക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് ബോബി പറഞ്ഞു. അബ്ദുല്‍ റഹീമിനെ നാട്ടിലെത്തിച്ച ശേഷം ഉമ്മയുടെ അടുത്തേക്ക് പോകും. റഹീമിനായി പ്രഖ്യാപിച്ച ലക്കി ഡ്രോ തുടരും. ഈ തുക റഹീമിന്റെ പുനരധിവാസത്തിന് ചെലവഴിക്കും. ഉപജീവനത്തിനായി ബോച്ചേ ടീ പൗഡർ ഹോള്‍സെയില്‍ ആൻഡ് റീട്ടെയില്‍ ഷോപ്പ് വച്ചുകൊടുക്കും. ഒരാഴ്ച മുമ്ബ് താൻ റഹീമിനായി യാചകയാത്ര തുടങ്ങുമ്ബോള്‍ നിയമസഹായ സമിതിയുടെ അക്കൗണ്ടില്‍ 2.40 കോടിയാണ് ഉണ്ടായിരുന്നത്. അതിനുശേഷം പല സംഘടനകളും മനുഷ്യസ്‌നേഹികളും കൈകോർത്തു. എല്ലാവരുടെയും ശ്രമഫലമായി പെട്ടെന്ന് തന്നെ 34 കോടി രൂപ സമാഹരിക്കാനായെന്നും എല്ലാവരോടും ഏറെ നന്ദിയുണ്ടെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.
ഉമ്മയെ നന്നായി നോക്കണം, വീട് വയ്ക്കണം തുടങ്ങി നൂറായിരം കിനാവുമായാണ് 24ാം വയസില്‍ അബ്ദുള്‍ റഹീം സൗദിയിലേക്ക് പറന്നത്. ആറ് മക്കളില്‍ ഇളയവനാണ് റഹീം. കടം വാങ്ങിയും സ്വർണ്ണം പണയം വച്ചുമാണ് മാതാവ് ഫാത്തിമ അബ്ദുൽ റഹീമിന് സൗദിയിലേക്ക് പോകാനുള്ള പണം കണ്ടെത്തിയത്. പക്ഷേ, വിധി കാത്തുവച്ചത് മറ്റൊന്നായിരുന്നു.
മക്കളായ അബ്ദുള്‍ നസീർ, അബ്ദുള്‍ സലീം, സീനത്ത്, ഹാജിറ, സഫിയ എന്നിവർ കല്യാണം കഴിഞ്ഞ് മാറി താമസിച്ചതോടെ റഹീമും ഉമ്മ ഫാത്തിമ്മയും പിതാവ് മുഹമ്മദ് കുട്ടിയുമായി കോടമ്ബുഴയിലെ തറവാട്ട് വീട്ടില്‍. കമ്ബനിയിലെ കണക്കെഴുത്തുകാരനായിരുന്ന പിതാവിന്റെ വരുമാനം കുറഞ്ഞതോടെയാണ് നാട്ടില്‍ ഓട്ടോ ഡ്രെെവറായിരുന്ന റഹീം സൗദിക്ക് പോയത്.
റഹീം ജയിലിലായതോടെ ഫാത്തിമ അകെത്തളർന്നു. ഇതിനിടെ ഭർത്താവ് മുഹമ്മദ് കുട്ടിയും മരിച്ചതോടെ മകനെ തിരിച്ചെത്തിക്കാനുള്ള പോരാട്ടത്തില്‍ ഫാത്തിമ തനിച്ചായി. പലരോടും സഹായം അഭ്യർത്ഥിച്ചു. മകന്റെ തിരിച്ചു വരവിനായി ദിവസവും പ്രാർത്ഥനയില്‍ മുഴുകി. എങ്ങനെയെങ്കിലും മകനെ കാണണമെന്നായിരുന്നു മോഹം. സൗദിയിലെ ജയിലില്‍ പോയി കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
‘നന്ദിയുണ്ട് എല്ലാവരോടും. എന്റെ സങ്കടം അസാനിച്ചു, അടുത്ത പെരുന്നാള്‍ മകനൊപ്പം ആഘോഷിക്കാമല്ലോ… എഴുപത്തിനാലുകാരി മാതാവിന്റെ ശബ്ദമിടറി.
അതേസമയം അബ്ദുല്‍ റഹീമിന്റെ മോചനത്തിനുവേണ്ടി മലയാളികള്‍ സ്വരൂപിച്ച കോടികളിലേക്ക് ഗിയർ സൈക്കിള്‍ വാങ്ങുന്നതിനായി പത്തുവയസുകാരി ആയിഷ ഹനൂന സ്വരൂപിച്ച 5610 രൂപയും. കൂത്തുപറമ്ബ് ഉക്കാസ് മൊട്ട സ്വദേശി ജാവിദ് പൊന്നന്റേയും തലശ്ശേരി ചിറക്കര സ്വദേശി പി.പി.ജസ്നയുടെയും മകളാണീ മിടുക്കി. കുടുക്ക പൊട്ടിച്ചാണ് അതിലെ തുക കൈമാറിയത്. മമ്ബറം ഇന്ദിരാഗാന്ധി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.