വയനാട്: സുൽത്താൻ ബത്തേരിയുടെ പേര് മാറ്റി ഗണപതി വട്ടമെന്നാക്കുമെന്ന് വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ.എന്നാൽ അതത്ര എളുപ്പമാകില്ല സുരേന്ദ്രാ എന്ന് ജനങ്ങൾ.
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ ഉത്തരേന്ത്യയിലെ നിരവധി സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേര് മാറ്റിയ മാതൃകയില്‍ കേരളത്തിലും പേരുമാറ്റം കൊണ്ടുവരുമെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കൂടിയായ സുരേന്ദ്രന്റെ അവകാശവാദം.
തെരഞ്ഞെടുപ്പില്‍ ഇത് ചര്‍ച്ചയാക്കിയാല്‍ ഗുണമുണ്ടാകില്ലെന്ന് അറിഞ്ഞുതന്നെ വിവാദത്തിന്റെ വിത്തെറിഞ്ഞിരിക്കുകയാണ് സുരേന്ദ്രന്‍.ഗണപതിവട്ടം എന്ന പ്രാചീനകാലത്തെ പേര് തന്നെ സുല്‍ത്താന്‍ ബത്തേരിക്ക് തിരികെ നല്‍കണമെന്നാണ് വയനാട് ലോക്സഭാമണ്ഡലം സ്ഥാനാര്‍ത്ഥി കൂടിയായ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്.
ഗണപതിവട്ടം അജണ്ട നേരത്തെ തന്നെ സംഘ്പരിവാര്‍ സംഘടനകള്‍ പുറത്തെടുത്ത് പരാജയപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബത്തേരിയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി രംഗത്ത് വന്നിരുന്നു. അന്ന് ജനങ്ങള്‍ ഒന്നടങ്കം ഇത് തള്ളിക്കളയുകയായിരുന്നു.
പോര്‍ച്ചുഗീസ് ഭാഷയിലെ ബത്തേറിയ (Batteria) എന്ന പദത്തില്‍ നിന്നാണ് ബത്തേരിയെന്ന പേര് ഉണ്ടായതെന്നാണ് മിക്ക ചരിത്രവും പറയുന്നത്. എന്നാല്‍ ഇതിനും മുന്‍പ്, ഗണപതിവട്ടത്തിനും മുന്‍പ് ബത്തേരിക്ക് മറ്റു പേരുകളുമുണ്ടായിരുന്നുവെന്നതാണ് വാസ്തവം.
പത്താം നൂറ്റാണ്ടില്‍ കര്‍ണാടകയില്‍ നിന്നും ജൈനന്മാരുടെ വരവോടെയാണ് ഇവിടെ ജനവാസകേന്ദ്രമായി മാറുന്നത്. ഇതോടെ ഇവിടം ഹന്നരുഡു വീഥി എന്ന് അറിയപ്പെട്ടിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. ഇതിന് പിന്നിലേക്കുള്ള ചരിത്രം ലഭ്യമല്ല. 1400 എഡി മുതല്‍ ഈ പട്ടണത്തില്‍ ജനവാസം ആരംഭിച്ചതായും ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്. അക്കാലത്ത് അറിയപ്പെട്ടിരുന്ന പേരാണ് ‘ഹന്നരഡു വീധി’. ഇന്നത്തെ കേരളത്തിലെ ഏറ്റവും പഴക്കമേറിയ ജൈന ക്ഷേത്രങ്ങളില്‍ ഒന്ന് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 2000 വര്‍ഷത്തിലേറെ പഴക്കമാണ് ഈ ക്ഷേത്രത്തിന് കണക്കാക്കുന്നത്.
ഹൈന്ദവ വിശ്വാസികളായ ചെട്ടി സമുദായത്തിന്റെ വരവോടെയാണ് ഹന്നരുഡു വീഥി പിന്നീട് ഗണപതിവട്ടമായി മാറിയത്. നഗരമധ്യത്തില്‍ സ്ഥിതി ചെയ്തിരുന്ന ഗണപതി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഗണപതിവട്ടം എന്ന പേര് ഉപയോഗിച്ചുതുടങ്ങിയത്. 600 വര്‍ഷം മുമ്ബാണ് ഈ പേര് വന്നത്. കോട്ടയം രാജാക്കന്മാര്‍ എത്തിയപ്പോള്‍ സ്ഥാപിച്ച ക്ഷേത്രത്തെ മുന്‍ നിര്‍ത്തിയുള്ള പേരാണ് ഇത്.
പിന്നീട് ടിപ്പു സുല്‍ത്താന്റെ കാലത്ത് വയനാട് മൈസൂര്‍ രാജവംശത്തിന് കീഴിലായിരുന്നു. ഈ സ്ഥലത്തെ ടിപ്പു സുല്‍ത്താന്‍ ഒരു ആയുധപ്പുര (ബാറ്ററി) ആയി ഉപയോഗിച്ചിരുന്നെന്നും ചരിത്രം പറയുന്നു. സുല്‍ത്താന്റെ ആയുധ പുര (സുല്‍ത്താന്‍സ് ബാറ്ററി) എന്നത് പിന്നീട് കാലക്രമത്തില്‍, സുല്‍ത്താന്‍ ബത്തേരി എന്നാവുകയായിരുന്നു.
1968ലാണ് സുല്‍ബത്തേരി പഞ്ചായത്ത് രൂപം കൊള്ളുന്നത്. കിടങ്ങനാട്, നൂല്‍പ്പുഴ, നെന്മേനി എന്നിവ ചേര്‍ന്നാണ് സുല്‍ത്താന്‍ ബത്തേരി ഔദ്യോഗികമായി രൂപം കൊണ്ടത്.
പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണിക്കെതിരെ ഉയർന്നിരിക്കുന്ന കോഴ വിവാദത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ് കെ സുരേന്ദ്രന്റെ പൊടുന്നനെയുള്ള ഈ നീക്കമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
2021-ലെ കൊടകര കുഴല്‍പ്പണക്കേസ് ഇപ്പോഴും പാർട്ടിക്ക് അലട്ടലുണ്ടാക്കുന്നുണ്ട്.അന്നത് ആർഎസ്‌എസ്സുകാരുടെ തലയില്‍ വച്ചാണ് ബിജെപി നേതൃത്വം സുരേന്ദ്രന്റെ നേതൃത്വത്തിൽ തടിയൂരിയത്.ഇതിനിടയിലാണ് കേന്ദ്രനേതൃത്വത്തിന്റെ സ്വന്തം സ്ഥാനാർഥി അനില്‍ ആന്റണിക്കെതിരേ 25 ലക്ഷത്തിന്റെ കോഴയാരോപണം.