ലഖ്‌നൗ: വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് യൂണിഫോമിനു പകരം കാവി വസ്ത്രം. പുരോഹിതരുടെ രീതിയില്‍ വസ്ത്രവും രുദ്രാക്ഷമാലയും ധരിച്ചാണ് പൊലീസുകാരെ ചുമതലക്ക് നിയോഗിച്ചത്. ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരമാണ് ഇത്. സംഭവം വിവാദമായതോടെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി.
ഏത് പൊലീസ് മാന്വലിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാരെ പുരോഹിത വസ്ത്രം ധരിപ്പിച്ചതെന്നും ഉത്തരവിറക്കിയവരെ പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂണിഫോമില്ലാതെ പൊലീസുകാരെ ജോലിക്ക് നിയോഗിച്ചത് വഴി സര്‍ക്കാര്‍ സൃഷ്ടിക്കുന്നത് വലിയ സുരക്ഷാ വിഷയമാണെന്നും കാവിവേഷത്തിലെത്തി ആര്‍ക്കും പൊലീസ് എന്ന വ്യാജേന ജോലി ചെയ്യാമെന്നും അഖിലേഷ് പറഞ്ഞു.
തീര്‍ത്ഥാടകരുടെ അനിയന്ത്രിത തിരക്ക് നിയന്ത്രിക്കുന്നതിനാണ് ഈ നടപടിയെന്ന് വാരണസി പൊലീസ് കമ്മിഷ്ണര്‍ മോഹിത് അഗര്‍വാള്‍ പറഞ്ഞു. തീര്‍ത്ഥാടകരുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തെ പരിശീലനവും ഇവര്‍ക്ക് നല്‍കിയിരുന്നു.