തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന വെയിലില്‍ ഇന്നലെ ഉച്ചയ്ക്ക് ഇടിവെട്ടിപ്പെയ്ത പെരുമഴയില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ശയനപ്രദക്ഷിണം നടത്തിയ സി.പി.ഒ ഉദ്യോഗാര്‍ത്ഥികള്‍ നിരാശരായി മടങ്ങി. റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്ന ദിനമായതിനാല്‍ രാത്രി 12 മണിവരെ പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളില്‍ ആയിരുന്നു അവരുടെ പ്രതീക്ഷ.
സര്‍ക്കാരിന്റെ കണ്ണുതുറപ്പിച്ച് ജോലി നേടാമെന്ന സ്വപ്നവുമായി 62 ദിവസത്തിലധികമായി സമരം ചെയ്ത 9946 ഉദ്യോഗാര്‍ത്ഥികള്‍ രാത്രിയോടെ വെറും കൈയുമായി വീട്ടിലേക്ക് മടങ്ങി. നേതാക്കള്‍ നല്കിയ വാക്കുകളില്‍ വിശ്വസിച്ച് ഒടുവില്‍ പറ്റിക്കപ്പെട്ടതിന്റെ സങ്കടവും അമര്‍ഷവുമായി….
സര്‍ക്കാര്‍ അവഗണന സമൂഹത്തെ അറിയിക്കാനാണ് ഇവരുടെ തീരുമാനം. നേതാക്കള്‍ പറ്റിച്ച കഥകള്‍ പത്ര സമ്മേളനം വിളിച്ച് അറിയിക്കും. സമാധാനപരമായി സമരം തുടര്‍ന്നാല്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്ന അവസാന ദിവസങ്ങളില്‍ കൂട്ടത്തോടെ നിയമനം നല്കാമെന്നായിരുന്നായിരുന്നു നേതാക്കളുടെ വാഗ്ദാനമെന്ന് അവര്‍ കേരളകൗമുദിയോട് പറഞ്ഞു. നാടും വീടും വിട്ടു വന്ന് പൊരിവെയിലത്ത് സമരം നടത്തിയ തങ്ങളെ ചര്‍ച്ചയ്ക്ക് പോലും വിളിച്ചില്ല.
പൊലീസിന്റെ ജോലിഭാരവും സമ്മര്‍ദ്ദവും കുറയ്ക്കാന്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ ആഭ്യന്തരവകുപ്പ് ശുപാര്‍ശ ചെയ്തെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ നടപ്പാക്കിയില്ല. ഡോ .വന്ദന ദാസിന്റെ കൊലപാതകത്തിന് പിന്നാലെ, സര്‍ക്കാര്‍ ആശുപത്രികളില്‍ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്ന വാഗ്ദാനവും ഹൈവേ പൊലീസില്‍ 700 ലധികം തസ്തികയില്‍ നിയമനം നടത്തണമെന്ന ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശവും നടപ്പാക്കാത്തതാണ് ഇവര്‍ക്ക് തിരിച്ചടിയായത്.
കഴിഞ്ഞ വര്‍ഷം നിലവില്‍വന്ന റാങ്ക്പട്ടികയില്‍ നിന്ന് 4,029 പേര്‍ക്കാണ് ഇതുവരെ നിയമനശുപാര്‍ശ ലഭിച്ചത്. അതില്‍ 703 ഒഴിവുകള്‍ എന്‍.ജെ.ഡി.യാണ്. 3,326 പുതിയ ഒഴിവുകള്‍ മാത്രമാണ് ആഭ്യന്തരവകുപ്പ് പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് 5,610 പേര്‍ക്ക് നിയമന ശുപാര്‍ശ ലഭിച്ചിരുന്നു.
അതേസമയം, സി.പി.ഒ റാങ്ക് ലിസ്റ്റ് റദ്ദായത് ദൗര്‍ഭാഗ്യകരമെന്ന് കേന്ദ്ര മന്ത്രിയും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഉദ്യോഗാര്‍ത്ഥികളുടെ പരാതി സഹിതം മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ കത്തിന് മറുപടി പോലും ലഭിച്ചില്ലെന്നത് ദൗര്‍ഭാഗ്യകരമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കെ. പി. സി. സി ആക്ടിംഗ് പ്രസിഡന്റ് എം. എം. ഹസന് ഉദ്യോഗാര്‍ത്ഥികളെ സന്ദര്‍ശിച്ചു.