KeralaNEWS

റംസാന്‍- വിഷു ചന്തകള്‍ ഇന്നുമുതല്‍; 10 കിലോ അരി ഉള്‍പ്പെടെ 13 ഇനങ്ങള്‍

തിരുവനന്തപുരം: റംസാന്‍- വിഷു ചന്തകള്‍ നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയതോടെ, സംസ്ഥാനത്ത് ഇന്ന് ഉച്ചമുതല്‍ 300 വിഷു ചന്തകള്‍ പ്രവര്‍ത്തിക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് അറിയിച്ചു. നേരത്തേ തീരുമാനിച്ച സഹകരണ സ്ഥാപനങ്ങളിലും താലൂക്ക് അടിസ്ഥാനത്തില്‍ ഒന്നു വീതവുമുണ്ടാകും. 10 കിലോ അരി ഉള്‍പ്പെടെ 13 ഇനങ്ങള്‍ ലഭിക്കുമെന്നും എം മെഹബൂബ് വ്യക്തമാക്കി.

ചന്തകള്‍ക്കു തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചതിനെതിരെ കണ്‍സ്യൂമര്‍ഫെഡ് നല്‍കിയ ഹര്‍ജിയിലാണ് റംസാന്‍- വിഷു ചന്തകള്‍ നടത്താന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അനുമതി നല്‍കിയത്. ചന്തകള്‍ ‘സര്‍ക്കാര്‍ സ്പോണ്‍സേഡ്’ ആണെന്ന തരത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള പ്രചാരണം പാടില്ലെന്നു കോടതി നിര്‍ദേശിച്ചു. ഏതെങ്കിലും തരത്തില്‍ ചട്ടലംഘനമുണ്ടായാല്‍ തെരഞ്ഞെടുപ്പു കമ്മിഷന് ഇടപെടാം. തെരഞ്ഞെടുപ്പു കഴിയുംവരെ സര്‍ക്കാര്‍ സബ്സിഡിക്കു വിലക്കുണ്ട്. തെരഞ്ഞെടുപ്പിനു ശേഷം കണ്‍സ്യൂമര്‍ഫെഡിനു സര്‍ക്കാരിനോടു തുക ആവശ്യപ്പെടാമെന്നും കോടതി പറഞ്ഞു.

Signature-ad

സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ആശ്വാസമാകുന്ന സ്പെഷല്‍ ചന്തകളുടെ നടത്തിപ്പ് സര്‍ക്കാരോ രാഷ്ട്രീയ പാര്‍ട്ടികളോ പ്രചാരണായുധമാക്കരുതെന്നു ഹൈക്കോടതി വ്യക്തമാക്കി. ജനങ്ങള്‍ക്ക് അവകാശപ്പെട്ടതു നല്‍കുന്നത് ഭരണനേട്ടമായി പറയാനാവില്ല. ജനങ്ങള്‍ക്ക് അവശ്യ സേവനം നല്‍കുന്നതു സര്‍ക്കാരിന്റെ ഔദാര്യമല്ല, ബാധ്യതയാണെന്നും കോടതി ഓര്‍മിപ്പിച്ചു.

 

Back to top button
error: