ലഖ്‌നൗ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠി മണ്ഡലത്തില്‍ മത്സരിക്കുമെന്ന് വീണ്ടും സൂചന നല്‍കി വ്യവസായിയും കോണ്‍?ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്ര. അമേഠിയില്‍ നിന്നുള്‍പ്പെടെ രാജ്യത്തുടനീളമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ പിന്തുണ അറിയിച്ചുകൊണ്ട് വിളിക്കുന്നുണ്ടെന്ന് വാദ്ര പറഞ്ഞു.
വര്‍ഷങ്ങളായി പാര്‍ട്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ തിരിച്ചറിയുകയും അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. തനിക്കായി വിവിധ സംസ്ഥാനങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയെന്നും അദ്ദേഹം ഐ.എ.എന്‍.എസ്. വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
രാഷ്ട്രീയ പ്രവേശനവും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ചും ഇതിനുമുമ്പും വാദ്ര സൂചനകള്‍ നല്‍കിയിരുന്നു. സ്മൃതി ഇറാനിക്കെതിരെ അമേഠിയില്‍ താന്‍ മത്സരിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് വാദ്ര പറഞ്ഞിരുന്നു.
പതിറ്റാണ്ടുകളായി കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന അമേഠിയില്‍ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയതോടെയാണ് മണ്ഡലം ശ്രദ്ധാകേന്ദ്രമാകുന്നത്. 2004, 2009, 2014 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ വിജയിച്ചെങ്കിലും 2019 ല്‍ മണ്ഡലം കൈവിട്ടുപോയി. വയനാട്ടില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചെങ്കിലും അമേഠിയിലെ പരാജയം രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും വലിയ തിരിച്ചടിയായിരുന്നു.
രാഹുല്‍ ഗാന്ധി ഇത്തവണയും വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. സിറ്റിങ് എംപിയായ സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറിയതോടെ അമേഠിക്ക് പുറമെ റായ്ബറേലിയും ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്. 2019 ലേതുപോലെ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്നും വയനാട്ടില്‍ നിന്നും മത്സരിക്കുമെന്നും പ്രിയങ്ക ഗാന്ധി വാദ്ര റായ്ബറേലിയില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.