CrimeNEWS

റിട്ട. ഡോക്ടര്‍ക്ക് “കാസ്രോട്ടൂന്ന്‌” വധു; 6 ലക്ഷം തട്ടി യുവതിയും സംഘവും മുങ്ങി

കോഴിക്കോട്: പുനര്‍വിവാഹ വാഗ്ദാനം നല്‍കി ഹോട്ടലില്‍ ‘വിവാഹം’ നടത്തി റിട്ടയേഡ് ഡോക്ടറുടെ ആറു ലക്ഷത്തോളം രൂപയും ഫോണും ലാപ്‌ടോപും തട്ടിയെടുത്ത് സ്ത്രീ ഉള്‍പ്പെടെയുള്ള നാലംഗ സംഘം രക്ഷപ്പെട്ടു. നടക്കാവ് പൊലീസ് കേസെടുത്തു. പൊലീസ് പറയുന്നത്: മെഡിക്കല്‍ കോളജില്‍ നിന്നു വിരമിച്ച ഡോക്ടര്‍ വയനാട് അതിര്‍ത്തിയില്‍ സ്വകാര്യ ക്ലിനിക് നടത്തുകയാണ്. അവിടെ നിന്നു പരിചയപ്പെട്ട യുവാവാണു ഡോക്ടറെ പുനര്‍വിവാഹത്തിനു നിര്‍ബന്ധിച്ചത്.

പല തവണ സംസാരിച്ചപ്പോള്‍ ഡോക്ടര്‍ വിവാഹത്തിനു സമ്മതിച്ചു. തുടര്‍ന്നു യുവാവും സംഘവും കാസര്‍കോട്ടു നിന്ന് എത്തിച്ച യുവതിയെ കാണിച്ചു. ഡോക്ടര്‍ക്കു യുവതിയെ ഇഷ്ടമായ സാഹചര്യത്തില്‍ നഗരത്തില്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ഹോട്ടലില്‍ മുറിയെടുത്തു. അവിടെ യുവതിയുടെ ബന്ധുക്കള്‍ എന്നു പരിചയപ്പെടുത്തിയ ചിലര്‍ കൂടി എത്തി. തുടര്‍ന്നു വിവാഹം ഉറപ്പിക്കുകയും ‘വധുവിനെയും വരനെയും’ രണ്ടു മുറികളിലായി താമസിപ്പിക്കുകയും ചെയ്തു.

Signature-ad

‘നവദമ്പതികള്‍ക്ക്’ ഒന്നിച്ചു താമസിക്കാന്‍ നഗരത്തില്‍ വാടകവീട് ഏര്‍പ്പാടാക്കാമെന്നു പറഞ്ഞ സംഘം ഡോക്ടറുടെ മുറിയുടെ വാതില്‍ പുറത്തു നിന്നു പൂട്ടിയാണ് അന്നു രാത്രി സ്ഥലം വിട്ടത്. പിറ്റേന്നു വീണ്ടും എത്തിയ സംഘം, നടക്കാവില്‍ പണയത്തിനു വീട് ഏര്‍പ്പെടുത്തിയതായും, ഇതിന് ആറു ലക്ഷം രൂപ മുന്‍കൂര്‍ ആയി നല്‍കണമെന്നും അറിയിച്ചു.

പണം കൈമാറി വീടു കാണാന്‍ പോകുന്നതിനിടയില്‍ തൊട്ടടുത്ത ആരാധനാലയത്തില്‍ കയറുന്നതിനായി ഡോക്ടര്‍ ഫോണും ലാപ്‌ടോപും അടങ്ങിയ ബാഗും സംഘത്തിനു കൈമാറി. തിരിച്ചെത്തിയപ്പോള്‍ സംഘം സ്ഥലംവിട്ടിരുന്നു. തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Back to top button
error: