KeralaNEWS

നാടിനെ അവഹേളിച്ച് പച്ചനുണ പ്രചരിപ്പിക്കുന്നു; ‘കേരള സ്റ്റോറി’യെ വിമര്‍ശിച്ച് മുഖ്യമന്ത്രി

കൊല്ലം: ‘കേരള സ്റ്റോറി’ സിനിമ പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാര്‍ എന്നും ലക്ഷ്യമിടുന്നതു ന്യൂനപക്ഷങ്ങളെയാണെന്നും മുസ്ലിംകളെ മാത്രമാണെന്നു കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി രൂപതയില്‍ വേദപഠന ക്ലാസിന്റെ ഭാഗമായി ‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച പശ്ചാത്തലത്തിലാണു പ്രതികരണം.

”ന്യൂനപക്ഷത്തെ ആര്‍എസ്എസ് ലക്ഷ്യമിടുകയാണ്. ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ തിരിച്ചുവിട്ട് കാര്യങ്ങള്‍ നേടാനാണു ശ്രമം. ആ കെണിയില്‍ വീഴരുത്, സംഘപരിവാര്‍ അജന്‍ഡയുടെ ഭാഗമാകരുത്. ഈ സിനിമ കേരളത്തിന്റെ കഥയാണെന്നാണ് പറയുന്നത്. കേരളത്തിലെവിടെയാണ് ഇതു സംഭവിച്ചത്? ഒരു നാടിനെ അവഹേളിച്ചു പച്ച നുണ പ്രചരിപ്പിക്കുന്നു. കേരളം സാഹോദര്യത്തിന്റെ നാടാണ്. നവോത്ഥാനകാലം തൊട്ട് അങ്ങനെയൊരു നാട് വളര്‍ത്തിയെടുക്കാനാണ് നമ്മള്‍ ശ്രമിച്ചിട്ടുള്ളത്” മുഖ്യമന്ത്രി പറഞ്ഞു.

Signature-ad

സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പുകളെ അവഗണിച്ച് കഴിഞ്ഞദിവസം കേരള സ്റ്റോറി സിനിമ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തിരുന്നു. പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും സിപിഎമ്മും തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചെങ്കിലും അവര്‍ ഇടപെട്ടില്ല. സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ദൂരദര്‍ശന്‍ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസും പ്രതിഷേധിച്ചു.

Back to top button
error: