ലക്നൗ: ഉത്തർപ്രദേശിൽ പ്രചാരണം ശക്തിപ്പെടുത്താനൊരുങ്ങി പ്രധാനമന്ത്രി. പടിഞ്ഞാറൻ യുപിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്നാണ് പ്രചാരണം.
രാമക്ഷേത്രം പടിഞ്ഞാറൻ യുപിയില്‍ തങ്ങളെ തുണക്കില്ലെന്നാണ് ബിജെപി കരുതുന്നത്.അതിനാൽത്തന്നെ രാമായണം സീരിയലില്‍ രാമനായി അഭിനയിച്ച അരുണ്‍ ഗോവിലിന് വേണ്ടി വോട്ട് ചോദിച്ചാണ് ഇവിടുത്തെ പ്രചാരണത്തിന് മോദി തുടക്കം കുറിച്ചത്.
2014 ല്‍ പടിഞ്ഞാറൻ യുപിയിലെ 27 ല്‍ 24 സീറ്റും നേടിയാണ് ബിജെപി കുതിപ്പ് നടത്തിയത്. 2019 ആയപ്പോഴേക്കും അത് പക്ഷെ 19 സീറ്റായി കുറഞ്ഞു. 400 സീറ്റും അൻപത് ശതമാനം വോട്ടും എന്ന വലിയ സ്വപ്നമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വച്ചിരിക്കുന്നത്. അത് യാഥാർത്യമാകണമെന്നങ്കില് ഉത്തർപ്രദേശില്‍ കൂറ്റൻ ജയം ബിജെപിക്ക് ആവശ്യമാണ്.
വരും ദിസവങ്ങളില്‍ ബൂത്ത് തലത്തിലെ പ്രചാരണം ശക്തിപ്പെടുത്തുന്നതിനൊപ്പം മോദിയുടെ കൂടുതല്‍ റാലികള്‍ നടത്താനുമാണ് ബിജെപി പദ്ധതിയിടുന്നത്.
കഴിഞ്ഞ തവണത്തേത് പോലെ എസ് പി ബിഎസ്പി സഖ്യം ഇല്ലെന്നതും പടിഞ്ഞാറൻ യുപിയിലെ ജാട്ട് പാർട്ടിയായ ആർഎല്‍എഡി തങ്ങള്‍ക്കൊപ്പം ആണെന്നും ബിജെപിക്ക് ആത്മവിശ്വാസം ഇരട്ടിയാക്കുന്നുണ്ട്.