കോട്ടയം: കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് കൂടിയായ സജി മഞ്ഞക്കമ്പന്‍ രാജിവെച്ച ഒഴിവിലേക്ക് മോന്‍സ് ജോസഫിന്റെ നോമിനിയെ തള്ളി ഇ.ജെ ആഗസ്തിയെ യുഡിഎഫ് ജില്ലാ ചെയര്‍മാനായി നിയമിച്ച് യുഡിഎഫ് നേതൃത്വം. അഡ്വക്കറ്റ് പ്രിന്‍സ് ലൂക്കോസിനെ യുഡിഎഫ് ജില്ലാ ചെയര്‍മാനാക്കണമെന്ന മോന്‍സ് ജോസഫിന്റെ ആവശ്യം തള്ളിയാണ് യുഡിഎഫിന്റെ തീരുമാനം.
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടക്ക് സജി മഞ്ഞക്കടമ്പനെ പ്രകോപിപ്പിച്ച് രാജിവെക്കുന്ന സാഹചര്യം സൃഷ്ടിക്കുകയും സജിക്ക് മറുപടി നല്‍കി രംഗം വഷളാക്കുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്ത മോന്‍സ് ജോസഫിന്റെ പക്വത ഇല്ലാത്ത നടപടിയോടുള്ള അതൃപ്തിയാണ് കോണ്‍ഗ്രസ് നേതൃത്വം പ്രകടിപ്പിച്ചിരിക്കുന്നത്.
കേരള കോണ്‍ഗ്രസ് എം മുന്‍ ജില്ലാ പ്രസിഡന്റും മുന്‍ യുഡിഎഫ് ജില്ലാ ചെയര്‍മാനുമാണ് ആഗസ്തി. ആരോഗ്യ കാരണങ്ങളാല്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു ആഗസ്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുന്‍കൈ എടുത്താണ് വീണ്ടും ആഗസ്തിയെ പകരക്കാരനാക്കിയത്. അഡ്വ. പ്രിന്‍സ് ലൂക്കോസിനെ പകരക്കാരനാക്കണം എന്നതായിരുന്നു മോന്‍സ് ജോസഫിന്റെ താല്‍പ്പര്യം. പിജെ ജോസഫ് അത് അംഗീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ തല്‍ക്കാലം ജോസഫ് ഗ്രൂപ്പിന്റെയോ മോന്‍സ് ജോസഫിന്റെയോ സമ്മര്‍ദ്ധങ്ങള്‍ക്ക് വിലകല്‍പ്പിക്കേണ്ട എന്നായിരുന്നു ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. അതേസമയം, രണ്ടാമത്തെ ചെയര്‍മാന്‍കൂടി വിട്ടുപോയി എന്ന പേരുദേഷം കേള്‍പ്പിക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാണ് കോണ്‍ഗ്രസിന്റെ ഇടപെടല്‍ എന്നാണ് ഒരു മുതിര്‍ന്ന നേതാവ് പ്രതികരിച്ചത്.