NEWSWorld

സൗദിയിൽ വധശിക്ഷ കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശിയുടെ മോചനത്തിന് വേണ്ടത് 34 കോടി, പണം സമാഹരിക്കാന്‍ ‘യാചകയാത്ര’യുമായി ബോബി ചെമ്മണൂര്‍

   സൗദി അറേബ്യയിൽ വധശിക്ഷ കാത്തു കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിൻ്റെ  മോചനത്തിനായി സഹായം തേടി കുടുംബം. സൗദി ജയിലിൽ കഴിയുന്ന ഇയാളെ മോചിപ്പിക്കാൻ ദയാധനമായി വേണ്ടത് 34 കോടി രൂപയാണ്. ഏപ്രിൽ 16നകം ഈ പണം നൽകിയില്ലെങ്കിൽ വധശിക്ഷ നടപ്പിലാക്കും. ഇനി കുടുംബത്തിന് മുന്നിലുള്ളത് 9 ദിവസം മാത്രം. മകന്റെ മോചനത്തിനായി സുമനസ്സുകൾക്ക് മുമ്പിൽ കൈ നീട്ടുകയാണ് അബ്ദുറഹീമിന്റെ പ്രായമായ മാതാവ്.

ഇതിനിടെ അബ്ദുറഹീമിൻ്റെ മോചനദ്രവ്യമായ  34 കോടി രൂപ  സമാഹരിക്കാനായി ‘യാചകയാത്ര’ക്കൊരുങ്ങുകയാണ് ബോബി ചെമ്മണൂർ. പണം സ്വരൂപിക്കാന്‍ നാളെ (തിങ്കൾ) മുതല്‍ ‘യാചകയാത്ര’ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

Signature-ad

രാവിലെ 9ന് തിരുവനന്തപുരം തമ്പാനൂര്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിന് സമീപത്തുനിന്ന് യാത്ര ആരംഭിക്കും. തുടര്‍ന്ന് കാസര്‍കോട് വരെയുള്ള എല്ലാ ജില്ലകളിലെയും പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, കോളജുകള്‍, തെരുവോരങ്ങള്‍ തുടങ്ങിയ പൊതുയിടങ്ങളിലും ജനങ്ങളോട് സഹായം തേടും.

കേസിനാസ്പദമായ സംഭവം നടന്നത് 18 വർ‌ഷങ്ങൾക്ക് മുൻപ് അബ്ദു റഹീമിന്റെ 26-ാം വയസിലാണ്. ഡ്രൈവർ ജോലിക്ക് പുറമേ കഴുത്തിന് താഴെ ചലനശേഷിയില്ലാത്ത സ്പോൺസറുടെ കുട്ടിയെ സംരക്ഷിക്കേണ്ട ചുമതല കൂടി അബ്ദുറഹീമിന് ഉണ്ടായിരുന്നു. കഴുത്തിൽ ഘടിപ്പിച്ച് പ്രത്യേക ഉപകരണം വഴിയാണ് ഭക്ഷണം നൽകിയിരുന്നത്. കുട്ടിയുമായി വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ അബ്ദുറഹീമിന്റെ കൈ ഈ ഉപകരണത്തിൽ തട്ടുകയും കുട്ടി ബോധരഹിതനാവുകയും ചെയ്തു.  തുടർന്ന് കുട്ടി മരിച്ചു.

കുട്ടി മരിച്ചതോടെ ഇത് ഒളിച്ചുവെക്കാൻ അബ്ദുറഹീം ശ്രമിച്ചു. സംഭവം നടന്നയുടൻ ഒരു ബന്ധുവിനെ വിളിച്ചുവരുത്തി സഹായം തേടി. അബ്ദുറഹീമിനെ ബന്ദിയാക്കി പിടിച്ചുപറിക്കാൻ കുട്ടിയെ ആക്രമിച്ചു എന്ന രീതിയിൽ രണ്ടു പേരും ചേർന്ന് കഥയുണ്ടാക്കി. റഹീമിനെ സീറ്റിൽ കെട്ടിയിട്ട് പൊലീസിനെ വിവരം അറിയിച്ചു.  പക്ഷേ പൊലീസെത്തി ചോദ്യം ചെയ്തതോടെ കഥ പൊളിഞ്ഞു. കള്ളക്കഥയെന്ന് ബോധ്യപ്പെട്ടതോടെ ഇരുവരും  അറസ്റ്റിലായി.  ബന്ധുവിന് 10 വർഷത്തിന് ശേഷം ജാമ്യം ലഭിച്ചു. സാഹചര്യതെളിവുകൾ പരി​ഗണിച്ച് അബ്ദുറഹീം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. അപ്പീൽ കോടതിയും വിധി ശരിവെച്ചു.

വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ മരിച്ച കുട്ടിയുടെ മാതാപിതാക്കൾ മാപ്പ് നൽകണം. ഇതിന് ആദ്യം കുടുംബം തയാറായിരുന്നില്ല. പിന്നീട് മാപ്പ് നൽകാൻ തയാറായി. പക്ഷേ കുടുംബം ആവശ്യപ്പെട്ട മോചന ദ്രവ്യമാണ് 34 കോടി രൂപ. ഏപ്രിൽ 16നുള്ളിൽ ഈ തുക നൽകിയാൽ അബ്ദുറഹീം ജയിൽ മോചിതനാകും. സുമനസുകൾ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് ഫറൂഖ് സ്വദേശിയായ അബ്ദുറഹീമിന്റെ പ്രായമായ മാതാവും കുടുംബവും.

മോചനദ്രവ്യമായ പണം സമാഹരിക്കാനുള്ള സജീവ പ്രവര്‍ത്തനങ്ങളിലാണ് പ്രവാസികളും. വിവിധ സംഘടനാ നേതാക്കള്‍ ചേര്‍ന്ന് സഹായ സമിതി രൂപീകരിച്ച് സജീവമായ പ്രവര്‍ത്തനങ്ങളിലാണ്.

Back to top button
error: