LocalNEWS

മാണി സാറിന്റെ പാലായില്‍ തോമസ് ചാഴികാടന് ഉജ്ജ്വല വരവേല്‍പ്പ്

കോട്ടയം: ജനപ്രതിനിധിയെന്ന നിലയില്‍ റിക്കാര്‍ഡുകളുടെ തമ്പുരാനായ കെ.എം മാണിയുടെ സ്മരണകളിരമ്പിയാര്‍ത്ത് തോമസ് ചാഴികാടന് പാലാ മണ്ഡലത്തില്‍ ഉജ്ജ്വല വരവേല്‍പ്പ്. കത്തീഡ്രല്‍ സെന്റ് തോമസ് പള്ളി സിമിത്തേരിയിലെ കെ.എം മാണിയുടെ കബറിടത്തിങ്കലെത്തി പ്രാര്‍ത്ഥനകള്‍ നടത്തിയാണ് തോമസ് ചാഴികാടന്‍ മണ്ഡല പര്യടനത്ത് തുടക്കമിട്ടത്. സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ കേരളാ കോണ്‍ഗ്രസ് -എം ചെയര്‍മാന്‍ ജോസ് കെ. മാണി എംപിയ്‌ക്കൊപ്പം പര്യടനത്തിന്റെ ആരംഭവേദിയായ കൊല്ലപ്പള്ളിയിലെത്തുമ്പോള്‍ ആയിരങ്ങളാണ് കാത്തിരുന്നത്. സ്ഥാനാര്‍ത്ഥിയെ ജയ് വിളികളും മുദ്രാവാക്യവുമായി പ്രവര്‍ത്തകര്‍ വരവേറ്റു. മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തതോടെ ചാഴികാടന്റെ മണ്ഡലപര്യടനം പാലാ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലേക്ക് നീങ്ങി.

ഗ്രാമീണമേഖലയിലടക്കം നാട്ടിലാകെ ഉത്സവഛായ സൃഷ്ടിച്ചാണ് തോമസ് ചാഴികാടനെ ജനങ്ങള്‍ വരവേറ്റത്. നൂറുകണക്കിനാളുകളാണ് ഓരോ സ്വീകരണവേദിയിലും എത്തിച്ചേര്‍ന്നത്. സ്ഥാനാര്‍ത്ഥിയുടെ വരവറിയിച്ച് അനൗണ്‍സ്‌മെന്റ് വാഹനം എത്തിയതോടെ വീടുകളില്‍ നിന്നെത്തി കുട്ടികളും സ്ത്രീകളുമടക്കമുള്ളവര്‍ പുഷ്പങ്ങള്‍ നല്‍കി സ്ഥാനാര്‍ത്ഥിയെ വരവേറ്റു. പുഷ്പവൃഷ്ടിയും വാദ്യമേളങ്ങളും മാലപടക്കങ്ങളുമൊക്കെ സ്വീകരണത്തിന് ആവേശം സമ്മാനിച്ചു. ഷാളുകളും പൊന്നാടയും മാലയും കൈമാറി സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ച പലരും തങ്ങളുടെ നാടിന് സമ്മാനിച്ച വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക നന്ദിയും പറയുന്നുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില പനയോലയില്‍ തീര്‍ത്ത് സമ്മാനിയ്ക്കുന്നതും കാണാമായിരുന്നു. എല്ലായിടത്തും ചുരുങ്ങിയ വാക്കുകളില്‍ സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു. രാഷ്ട്രീയത്തിനപ്പുറം വികസനം പറഞ്ഞായിരുന്നു സ്ഥാനാര്‍ത്ഥിയുടെ പ്രസംഗം.

Signature-ad

കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പുലം, മീനച്ചില്‍, എലിക്കുളം പഞ്ചായത്തുകളിലായിരുന്നു ആദ്യദിനത്തെ പര്യടനം. രാത്രി എട്ടരയ്ക്ക് പൈകയില്‍ പര്യടനം അവസാനിക്കുമ്പോള്‍ വലിയ ജനസഞ്ചയമാണ് സാക്ഷിയായത്. ജോസ് കെ. മാണി എംപിയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും പര്യടനത്തിന്റെ ആദ്യാവസാനം പങ്കെടുത്തു.

Back to top button
error: