വയനാട്: തിരഞ്ഞെടുപ്പ് ആവേശച്ചൂടേറ്റി രാഹുല്‍ ഗാന്ധി വയനാട്ടില്‍. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ രാഹുല്‍ഗാന്ധി വയനാട്ടിലെത്തിലെത്തിയത്. സഹോദരിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും അദ്ദേഹത്തോടൊപ്പമുണ്ട്.
ബുധനാഴ്ച രാവിലെ 10.40-ഓടെയാണ് മൂപ്പൈനാട് റിപ്പണ്‍ തലക്കല്‍ സ്‌കൂളിലെ ?ഗ്രൗണ്ടില്‍ ഇരുവരും ഹെലികോപ്ടറില്‍ വന്നിറങ്ങിയത്. വലിയ വരവേല്‍പ്പാണ് രാഹുലിന് പ്രവര്‍ത്തകര്‍ നല്‍കിയത്.
രാഹുലിനെയും പ്രിയങ്കയെയും കാണാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് കാത്തിരുന്നത്. ജനക്കൂട്ടത്തെ ഇരുവരും അഭിവാദ്യംചെയ്തതോട പ്രവര്‍ത്തകര്‍ ആവേശത്തിലായി. മെഗാറോഡ്‌ഷോയില്‍ പങ്കെടുക്കാനായി റോഡ്മാര്‍ഗം കല്പറ്റ പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് രാഹുല്‍ യാത്രതിരിച്ചു.
11 മണിയോടെ ആരംഭിക്കുന്ന റോഡ്‌ഷോ സിവില്‍ സ്റ്റേഷന്‍ പരിസരത്താണ് സമാപിക്കുന്നത്. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ റോഡ്‌ഷോയില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12 മണിയോടെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കളക്ടര്‍ ഡോ. രേണുരാജിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഇതിനുശേഷം ബുധനാഴ്ചതന്നെ അദ്ദേഹം മടങ്ങും.