കോഴിക്കോട്: റിയാസ് മൗലവി വധത്തില്‍ യു.എ.പി.എ ചുമത്താനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായി അഭിഭാഷകന്‍ സി. ഷുക്കൂര്‍. സര്‍ക്കാര്‍ നയപരമായി യു.എ.പി.എയ്ക്ക് എതിരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. മീഡിയവണ്‍ സ്പെഷല്‍ എഡിഷനിലാണ് അഡ്വ. ഷുക്കൂറിന്റെ പ്രതികരണം.
”പ്രതികള്‍ക്ക് ആര്‍.എസ്.എസ് ബന്ധമില്ലെന്നു നേരത്തെ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നുവെന്നത് വസ്തുതയാണ്. അതിനുശേഷമാണ് അന്വേഷണം കുറച്ചു ഗൗരവത്തില്‍ വേണമെന്ന തോന്നലുണ്ടാക്കാനായത്. കാസര്‍കോട് നേരത്തെ ഒരു കീഴ്വഴക്കമുണ്ടായിരുന്നു. അതുകൊണ്ടാണ് 2014 വരെയുള്ള പല കേസുകളിലും പ്രതികളെ വിട്ടുപോയത്. ഈ കേസില്‍ അങ്ങനെ പാടില്ലെന്ന് ഞങ്ങള്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നു.
അതുകൊണ്ടാണ് കേസിന്റെ ആദ്യഘട്ടം തൊട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതും ഞങ്ങള്‍ നല്‍കിയ നിവേദനം മുഖ്യമന്ത്രി അന്വേഷണസംഘത്തിന് അയച്ചുകൊടുത്തതും. പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.”-ഷുക്കൂര്‍ പറഞ്ഞു.
”ആ പരിഹാരം ഉണ്ടായതുകൊണ്ടാണ്, 90 ദിവസംകൊണ്ട് കുറ്റപത്രം സമര്‍പ്പിക്കേണ്ടിവന്നത്. 90 ദിവസം കൊണ്ട് പ്രോസിക്യൂട്ടറെ നിയമിച്ചു. 153 എയുടെ അംഗീകാരം ലഭിച്ചു. നേരത്തെ യു.ഡി.എഫ് ഭരിക്കുന്ന കാലത്ത്, 2011നും 2016നും ഇടയില്‍ ഇതേ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്ന് കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. ആ കേസുകളിലൊന്നും 90 ദിവസം കൊണ്ട് കുറ്റപത്രം നല്‍കാനായിട്ടില്ല.
ഞാന്‍ തയാറാക്കിയ പരാതിയാണു മുഖ്യമന്ത്രിക്കു നല്‍കിയത്. അതില്‍ ആശങ്കകള്‍ വിശദമായി മുഖ്യമന്ത്രിയെ അറിയിക്കുന്നുണ്ട്. യു.എ.പി.എ ചേര്‍ക്കണമെന്നായിരുന്നു ഞങ്ങളുടെ അന്നത്തെ നിലപാട്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ യു.എ.പി.എയ്ക്കെതിരാണെന്ന് മുഖ്യമന്ത്രി ഞങ്ങളോടു തുറന്നുപറഞ്ഞു. ഒരു കേസിലും യു.എ.പി.എ ചേര്‍ക്കാന്‍ തയാറല്ലെ”ന്നും പറഞ്ഞുവെന്നും ഷുക്കൂര്‍ വെളിപ്പെടുത്തി.
അതേസമയം, മുസ്ലിം പണ്ഡിതന്മാര്‍ക്കെതിരെ യു.എ.പി.എ ഇട്ടത് ഇതേ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ടെന്നും അദ്ദേഹം ന്യായീകരിച്ചു. ഷംസുദ്ദീന്‍ പാലത്ത്, എം.എം അക്ബര്‍ തുടങ്ങിയവര്‍ക്കെതിരെ 12 കേസുകള്‍ പിന്‍വലിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെടുന്ന കേസുകളില്‍ മാത്രമേ യു.എ.പി.എ പറ്റൂവെന്നും മറ്റ് കേസുകളില്‍ പാടില്ലെന്നാണു സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും ഷുക്കൂര്‍ പറഞ്ഞു.
റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ വിശദമായി മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഞങ്ങള്‍ നല്‍കിയ നിവേദനം അന്വേഷണസംഘത്തിനു കൈമാറുകയും ചെയ്തു. ഇതിനുശേഷമാണ് ആര്‍.എസ്.എസ് ബന്ധങ്ങള്‍ സ്ഥാപിക്കുന്ന രേഖകള്‍ അവര്‍ ശേഖരിച്ചതും കോടതിയില്‍ ഹാജരാക്കിയതും. വിഡിയോ ദൃശ്യങ്ങളും ഫോട്ടോകളുമെല്ലാം അവര്‍ ഹാജരാക്കിയിട്ടുണ്ടെന്നും അഡ്വ. സി. ഷുക്കൂര്‍ കൂട്ടിച്ചേര്‍ത്തു.