KeralaNEWS

‘ഓള്‍ പാസ്’ തുടരും, മൂല്യ നിര്‍ണയത്തില്‍ അധ്യാപകരെ നിരീക്ഷിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നുമുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകളിലെ ഓള്‍പാസ് തുടരും. എന്നാല്‍ ഈ വര്‍ഷം മുതല്‍ പരീക്ഷാമൂല്യനിര്‍ണയത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും. ഓള്‍ പാസ് ഉള്ളതിനാല്‍ പരീക്ഷപ്പേപ്പര്‍ നോക്കുന്നതില്‍ അധ്യാപകര്‍ ലാഘവബുദ്ധി കാണിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഇത്തവണ മൂല്യനിര്‍ണയം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കും. അധ്യാപകരെ നിരീക്ഷിക്കും. ഇതിനായി പ്രത്യേകം നിരീക്ഷകരെ നിയോഗിക്കും. മൂല്യനിര്‍ണയത്തില്‍ 30 ശതമാനം മാര്‍ക്കു നേടാത്ത കുട്ടികളുടെ വിവരം പ്രത്യേകം തയ്യാറാക്കും. അവരുടെ പഠനനിലവാരം ഉറപ്പാക്കാനുള്ള സൗകര്യം സ്‌കൂളുകളില്‍ സജ്ജമാക്കും. ഇതുവഴി ഓരോ ക്ലാസിലും ആര്‍ജിക്കേണ്ട ശേഷി വിദ്യാര്‍ത്ഥി നേടിയെന്ന് ഉറപ്പാക്കും.

Signature-ad

അല്ലാത്തവര്‍ക്ക് അക്കാദിക പിന്തുണ നല്‍കാന്‍ പ്രത്യേക പഠന പരിപാടികള്‍ ആവിഷ്‌കരിക്കും. മേയ് ആദ്യവാരം പരീക്ഷാഫലം പ്രഖ്യാപിക്കും. അതിനുശേഷം, പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളുമായി അധ്യാപകര്‍ പ്രത്യേക സമ്പര്‍ക്കം പുലര്‍ത്തി പിന്തുണാപദ്ധതി തയ്യാറാക്കാനാണ് നിര്‍ദേശം. മന്ത്രി വി ശിവന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ നടന്ന അവലോകനയോഗത്തിന്റേതാണ് തീരുമാനം.

Back to top button
error: