IndiaNEWS

കെ.കവിത ജയിലിലേക്ക്; 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ.കവിതയെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് 15നാണ് കവിത എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ ആകുന്നത്. കവിതയുടെ അറസ്റ്റിന് പിറകേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും അറസ്റ്റിലായിരുന്നു. ഇ.ഡി കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കോടതി നടപടി. കഴിഞ്ഞയാഴ്ച അഞ്ചു ദിവസത്തേക്കു കൂടി കവിതയെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടിരുന്നു.

ഡല്‍ഹി മദ്യനയത്തിന്റെ പ്രയോജനം ലഭിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായും ആംആദ്മി പാര്‍ട്ടി (എഎപി) നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും പകരമായി നേതാക്കള്‍ക്കു 100 കോടി കൈമാറിയെന്നും ഇ.ഡി വെളിപ്പെടുത്തിയിരുന്നു.

Signature-ad

ഡല്‍ഹി സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളുടെ കീഴിലായിരുന്ന മദ്യവില്‍പനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നയം 2021 നവംബര്‍ 17നാണു പ്രാബല്യത്തില്‍ വന്നത്. ലഫ്. ഗവര്‍ണറായി വി.കെ.സക്സേന ചുമതലയേറ്റതിനു പിന്നാലെയാണു ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്. ക്രമക്കേടുണ്ടെന്നു കാട്ടി സിബിഐ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയതോടെ കേസ് രജിസ്റ്റര്‍ ചെയ്തു.

വിവാദമായതോടെ കഴിഞ്ഞ വര്‍ഷം ജൂലൈ 31ന് ഈ മദ്യനയം പിന്‍വലിച്ചു.ടെന്‍ഡര്‍ നടപടികള്‍ക്കു ശേഷം ലൈസന്‍സ് സ്വന്തമാക്കിയവര്‍ക്കു സാമ്പത്തിക ഇളവുകള്‍ അനുവദിച്ചുവെന്നതാണ് പ്രധാന ആരോപണം. സാമ്പത്തിക ഇടപാടുകളുടെ പേരില്‍ ഇ.ഡിയും കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ക്രമക്കേടുകളിലൂടെ ലഭിച്ച 100 കോടിയിലേറെ രൂപ ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി ഉപയോഗിച്ചുവെന്നാണ് ഇ.ഡിയുടെ ആരോപണം. ഇടപാടുകളില്‍ ഭാഗമായിരുന്ന ‘സൗത്ത് ഗ്രൂപ്പ്’ എന്നു വിശേഷിപ്പിക്കുന്ന വ്യവസായ സംഘത്തില്‍ കെ. കവിതയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.

Back to top button
error: