റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ നടന്ന ആക്രമണത്തില്‍ 86 പോലീസുകാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. മാത്രമല്ല സംഭവത്തില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായാണ് പുറത്തുവരുന്ന വിവരം. പൊതുമുതല്‍ നശിപ്പിക്കല്‍, ആയുധമുപയോഗിച്ച് പൊതുസേവകരെ ആക്രമിക്കല്‍ തുടങ്ങിയ കേസുകളാണ് പോലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. എട്ട് ബസ്സുകളും 17 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മുകര്‍ബ ചൗക്, ഗാസിപുര്‍, ഡല്‍ഹി ഐടിഒ, സീമാപുരി, നംഗ്ലോയി ടി പോയിന്റ്, തിക്രി അതിര്‍ത്തി, ചെങ്കോട്ട എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളിലാണ് പോലീസുകര്‍ക്ക് പരിക്കേറ്റത്. തിക്രിയിലും ഗാസിപുരിലും തിക്രിയിലും പ്രതിഷേധക്കാര്‍ ബാരിക്കേഡ് തകര്‍ത്തുവെന്നും പോലീസ് വ്യക്തമാക്കി.
12 മണിക്കാണ് സമരം ആരംഭിക്കുന്നതെന്ന് പറഞ്ഞിരുന്നെങ്കിലും രാവിലെ 8 മണിയോടെ റാലി ആരംഭിക്കുകയായിരുന്നു. മാത്രമല്ല നിശ്ചയിച്ച വഴിയില്‍ നിന്ന് മാറി സഞ്ചരിക്കുകയും ചെയ്തു. മണിക്കൂറുകള്‍ക്കുള്ളിലാണ് അക്രമങ്ങള്‍ പലയിടങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തത്. എട്ടര മണിയോടെ ഏകദേശം 6000-7000 ട്രാക്ടറുകള്‍ സമരത്തില്‍ പങ്കെടുക്കാനെത്തി.’ വാള്‍, കൃപാണ്‍, തുടങ്ങിയ ആയുധങ്ങള്‍ അവരുടെ പക്കലുണ്ടായിരുന്നു. ബാരിക്കേഡുകള്‍ തകര്‍ക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്തു.
ന്യൂഡല്‍ഹിയിലേക്ക് നീങ്ങാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് ആക്രമണം ആരംഭിച്ചത്. സമരക്കാര്‍ ചെങ്കോട്ടയുടെ മുകളിലേക്ക് കയറി സിഖ് പതാക സ്ഥാപിച്ചു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പ്രതിഷേധക്കാരെ ചെങ്കോട്ടയില്‍ നിന്ന് നീക്കാനായത്. വൈകുന്നേരത്തോടെ പ്രതിഷേധം അവസാനിച്ചതായും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷം ഉണ്ടായതിനുപിന്നില്‍ അസ്വാഭാവികത ഉണ്ടെന്നാണ് ചില കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്. ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് സംഘടനകള്‍ യോഗം ചേരുന്നുണ്ട്. ചെങ്കോട്ടയില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ബിജെപി ആണെന്ന ആരോപണവും ചില നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്. സമരം പൊളിക്കുന്നതിനു വേണ്ടി ബാഹ്യ ശക്തികളും,സാമൂഹ്യവിരുദ്ധരും ആണ് ആക്രമണം അഴിച്ചുവിട്ടതെന്ന് സംയുക്ത മോര്‍ച്ച ഇന്നലെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം സംഘടനകള്‍ ഒറ്റക്കെട്ടായി തുടരും. സമരത്തിനിടെ മരിച്ച കര്‍ഷകന്റെ മൃതദേഹം ഇന്നു സംസ്‌കരിക്കും. ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തില്‍ പോലീസ് നിരവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.