കുറഞ്ഞ കാലയളവില്‍ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് ഒമര്‍ ലുലു. സോഷ്യല്‍ മീഡിയ ഏറ്റവും നന്നായി തന്റെ ചിത്രങ്ങള്‍ക്ക് വേണ്ടി എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഒമര്‍ ലുലു. തന്റെ ചിത്രങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ അത്രയധികം പ്രൊമോഷന്‍ വര്‍ക്ക് നടത്തിയ മറ്റൊരു സംവിധായകന്‍ മലയാളത്തിലുണ്ടാവില്ല. സിജു വില്‍സണ്‍, ഷറഫുദ്ധീന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് ആണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. ചെറിയ ബഡ്ജറ്റിലെത്തിയ സിനിമ വലിയ വിജയമാവുകയും സംവിധായകന്റെ പേര് ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
ഹാപ്പി വെഡ്ഡിംഗിന് ശേഷം ഹണി റോസ്, ബാലു വര്‍ഗീസ്സ്, ധര്‍മജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രവും വലിയ സാമ്പത്തിക വിജയം നേടിയിരുന്നു. ചിത്രത്തില്‍ പ്രയോഗിച്ചിരിക്കുന്ന ഡബിള്‍ മീനിംഗ് കോമഡി എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തിയിരുന്നില്ലെങ്കിലും താന്‍ ഒരു പ്രേത്യക ടാര്‍ഗറ്റഡ് ഓഡിയന്‍സിന് വേണ്ടിയിട്ടാണ് പടം ചെയ്യുന്നതെന്ന് സംവിധായകന്‍ തന്നെ പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്.
ചങ്ക്‌സിന് ശേഷം ഒരു കൂട്ടം പുതിയ താരങ്ങളെ മലയാളത്തിന് പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു സംവിധായകന്റെ മൂന്നാം വരവ്. ഒരു അഡാര്‍ ലവ് എന്ന ചിത്രം ലോക വ്യാപകമായി ശ്രദ്ധ നേടുകയായിരുന്നു. ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധ നേടുകയും ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ട പ്രിയ വാര്യര്‍ ഒരു നാഷണല്‍ സ്റ്റാര്‍ ആയി മാറുകയും ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പാട്ടിന് ലഭിച്ച സ്വീകാര്യത സിനിമയ്ക്കും നേടുവാനായി പിന്നീട് പ്രിയ വാര്യരുടെ കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് ചിത്രത്തിന്റെ തിരക്കഥ മാറ്റിയെഴുതി ചിത്രീകരിക്കുകയായിരുന്നു. ചിത്രം ഒരേ സമയം പല ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുകയും സാമ്പത്തികമായി വലിയ വിജയം നേടുകയുമായിരുന്നു.
ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അഡാര്‍ ലവ് എന്ന ചിത്രത്തിന് ശേഷം പ്രിയ വാര്യര്‍ മറ്റ് ഭാഷകളിലേക്ക് ചുവട് മാറ്റുകയായിരുന്നു. പ്രിയ വാര്യരുടെ ഏറ്റവും പുതിയ തെലുങ്ക് ഗാനം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. അഡാറ് ലവ്വിന് ശേഷം അരുണിനെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രമായിരുന്നു ധമാക്ക. നിക്കി ഗില്‍റാണി, മുകേഷ്, ഇന്നസെന്റ്, ധര്‍മജന്‍, ഹരീഷ് കണാരന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരന്നെങ്കിലും ചിത്രം സാമ്പത്തികമായി വിജയം നേടാതെ പോവുകയായിരുന്നു. ചിത്രത്തിനും പ്രേക്ഷകരുടെ ഭാഗത്ത് നിന്നും സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്.
ധമാക്ക എന്ന ചിത്രത്തിന് ശേഷം ഒമര്‍ ലുലു വാര്‍ത്തകളില്‍ നിറയുന്നത് തന്റെ പുതിയ ചിത്രമായ പവര്‍സ്റ്റാറിലൂടെയാണ്. ഒരു കാലത്ത് മലയാളികളുടെ പ്രീയപ്പെട്ട ആക്ഷന്‍ ഹീറോ ആയിരുന്ന ബാബു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കിയാണ് ഒമര്‍ ലുലു പവര്‍സ്റ്റാര്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഈ തവണ കോമഡിയില്ലാത്ത, നായികമാരില്ലാത്ത, പാട്ടുകളില്ലാത്ത മാസ് ആക്ഷന്‍ ചിത്രവുമായിട്ടാണ് അദ്ദേഹത്തിന്റെ വരവ്. ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ ഡെന്നിസ് ജോസഫാണെന്ന പ്രത്യേകതയുമുണ്ട്.
ഡെന്നിസ് ജോസഫിന്റെ തിരക്കഥ തന്നെയാണ് പവര്‍സ്റ്റാര്‍ എന്ന ചിത്രത്തിലേക്ക് പ്രേക്ഷകരെ അടുപ്പിക്കുന്ന പ്രധാന ഘടകം. ബാബു ആന്റണിക്കൊപ്പം കന്നഡ താരം ശ്രേയസ് മഞ്ജു, ബാബു രാജ്, റിയാസ് ഖാന്‍, അബു സലിം തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം നാല് ഭാഷകളിലായിരിക്കും പ്രദര്‍ശനത്തിനെത്തുക. കന്നഡത്തിലും മലയാളത്തിലും സ്‌ട്രെയിറ്റ് റിലീസായും തമിഴിലും തെലുങ്കിലും മൊഴിമാറ്റ ചിത്രവുമായിട്ടായിരിക്കും പവര്‍സ്റ്റാര്‍ എത്തുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.