Breaking NewsKeralaLead NewsNEWSNewsthen Specialpolitics

സജി ചെറിയാന്‍ തിരുത്തണം, വിവാദം കത്തിയിട്ടും ന്യായീകരിച്ചു, പാര്‍ട്ടിയെ ദുര്‍ബലമാക്കി; കടുപ്പിച്ച് സിപിഎം; സ്വന്തം സ്ഥാനാര്‍ഥി പട്ടികകൂടി നോക്കണമെന്ന് സജി ചെറിയാനോടു പ്രതിപക്ഷം

നിയമസഭാ തിരഞ്ഞെടുപ്പടുത്തിരിക്കെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ വിവാദ പ്രസ്താവന സജി ചെറിയാന്‍ തിരുത്തണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം. സജി ചെറിയാന്റെ വിവാദ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെ ദുര്‍ബലമാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പരാമര്‍ശത്തില്‍ പിബിയും സംസ്ഥാന നേതൃത്വത്തെ കടുത്ത അതൃപ്തി അറിയിച്ചു. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്നതായിപ്പോയി പരാമര്‍ശമെന്ന് കേന്ദ്രനേതൃത്വവും നിലപാടെടുത്തു. പരാമര്‍ശം വിവാദമായിട്ടും ഇന്നലെ സജി ചെറിയാന്‍ വീണ്ടും ന്യായീകരിച്ചത് പ്രശ്‌നം വഷളാക്കിയെന്നും നേതൃത്വം പറയുന്നു.

‘കാസര്‍കോട്ടും മലപ്പുറത്തും ജയിച്ച ആളുകളുടെ പേര് നോക്കിയാല്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടോയെന്ന് കാണാമെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ആര്‍ക്കൊക്കെ എവിടെയൊക്ക ഭൂരിപക്ഷമുണ്ടോ, ആ സമുദായങ്ങള്‍ ജയിക്കും. സമുദായത്തിന് ഭൂരിപക്ഷമില്ലെങ്കില്‍ എവിടെനിന്നാലും ജയിക്കില്ല. ചേരിതിരിവ് ഉണ്ടാക്കുന്ന അഭിപ്രായങ്ങള്‍ ആരും പറയരുത്. അപ്പോള്‍ ഇരുവിഭാഗവും സംഘടിക്കുമെന്നും’ സജി ചെറിയാന്‍ ആലപ്പുഴയില്‍ പറഞ്ഞതാണ് വിവാദമായത്.

Signature-ad

അതേസമയം, വര്‍ഗീയ ധ്രുവീകരണമുണ്ടോയന്നറിയാന്‍ കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേരു നോക്കാനിറങ്ങിയ സജി ചെറിയാന്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ഥിപട്ടിക കൂടി നോക്കണമെന്ന് വിമര്‍ശകര്‍ പറയുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് സിപിഎം നിര്‍ത്തിയ സ്ഥാനാര്‍ഥികളിലും ഭൂരിപക്ഷം മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ളവരാണ്. മലപ്പുറം പഞ്ചായത്തില്‍ ആകെ 33 ഡിവിഷന്‍. മുപ്പത്തിമൂന്നിലും യുഡിഎഫാണ് ജയിച്ചത്. പട്ടികയില്‍ 27 പേര്‍ മുസ്‌ലിം വിഭാഗക്കാര്‍, ആറു പേര്‍ മറ്റു മതവിഭാഗങ്ങളില്‍ നിന്നുള്ളവര്‍. ഇത് ധ്രുവീകരണത്തിന് തെളിവാണെന്നാണ് സജി ചെറിയാന്‍ ആരോപിക്കുന്നതെങ്കില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി പട്ടിക കൂടി കാണണം. ഇടതുമുന്നണി പട്ടികയില്‍ 33 സീറ്റിലെ 22 സ്ഥാനാര്‍ഥികളും മുസ്‌ലിം വിഭാഗക്കാരാണ്. ആരും ജയിക്കാത്തതുകൊണ്ടു മാത്രം സജി ചെറിയാന് ധ്രുവീകരണം ആരോപിക്കാനാകില്ലെന്നു മാത്രം.

അടുത്തതായി യുഡിഎഫിന്റെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ പരിചയപ്പെടാം. എ.പി.സ്മിജി, മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന എ.പി.ഉണ്ണികൃഷ്ണന്റെ മകള്‍. ജനറല്‍ വിഭാഗത്തില്‍ നിന്നുളള മുതിര്‍ന്ന ലീഗ് നേതാക്കളെ മാറ്റി നിര്‍ത്തിയാണ് സ്മിജിക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റെ പദവി നല്‍കിയത്. സ്ഥാനാര്‍ഥികളെ തീരുമാനിക്കുമ്പോള്‍ പ്രാദേശികമായി മുന്‍തൂക്കമുള്ള വിഭാഗങ്ങളില്‍ നിന്നുള്ളവരെ പരിഗണിക്കുന്ന ശൈലി എല്ലാ മുന്നണികളും പിന്തുടരുമ്പോള്‍ മലപ്പുറത്തെയും മുസ്‌ലിംലീഗിനെയും മാത്രം വര്‍ഗീയധ്രുവീകരണമെന്ന് ഉന്നമിടുന്നത് പച്ചയായ വര്‍ഗീയതയാണെന്ന് മലപ്പുറത്തെ ജനപ്രതിനിധികള്‍ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: