സ്വര്‍ണക്കൊള്ളക്കേസിന്റെ സത്യാവസ്ഥ തെളിയണം ; ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മാമല മേലെ സത്യം ഉദിച്ചുയരണമെന്ന് ഭക്തര്‍ ; ഹൈക്കോടതി നേരിട്ട് അന്വേഷണസംഘത്തെ നിയന്ത്രിക്കുന്നതിനാല്‍ വിശ്വാസികള്‍ക്കും പ്രതീക്ഷ; ശബരിമലയില്‍ ഇന്നും പരിശോധന

കൊച്ചി: മകരജ്യോതിയും മകരവിളക്കും തെളിഞ്ഞ പോലെ സ്വര്‍ണക്കൊള്ളക്കേസിന്റെ സത്യാവസ്ഥ തെളിയണമെന്ന് ലോകമെങ്ങുമുള്ള അയ്യപ്പഭക്തര്‍ ആഗ്രഹിക്കുമ്പോള്‍ കേസില്‍ ശക്തമായ നടപടികളുമായി ഹൈക്കോടതി രണ്ടും കല്പ്പിച്ചു മുന്നോട്ട്. തന്ത്രി സമാജത്തിന്റെ ആവശ്യപ്രകാരം സിബിഐയോ ഇ ഡി യോ ആരു തന്നെ വന്നാലും ഹൈക്കോടതി കൈകൊണ്ടിട്ടുള്ള കര്‍ശന നടപടികള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കരുത്തു പകരുന്നതാണ്.
കേസില്‍ ഉഴപ്പാന്‍ ഹൈക്കോടതി അനുവദിക്കില്ലെന്ന് വ്യക്തം.
സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ ഹൈക്കോടതി നേരിട്ട് നിയന്ത്രിക്കുന്നത് കൊണ്ട് സാധാരണക്കാരായ ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ സത്യം തെളിയുമെന്ന വിശ്വാസത്തില്‍ തന്നെയാണ്. ജുഡീഷ്യറി നേരിട്ട് മേല്‍നോട്ടം വഹിക്കുന്നത് കൊണ്ട് അന്വേഷണത്തില്‍ എസ്ഐടിക്ക് വെള്ളം ചേര്‍ക്കാന്‍ സാധിക്കില്ല എന്നാണ് ഭക്തലക്ഷങ്ങളുടെ വിശ്വാസം.
ആ വിശ്വാസം ഊട്ടിയുറപ്പിക്കുന്ന രീതിയിലാണ് ഹൈക്കോടതി എസ്ഐടിക്ക് പല സുപ്രധാന നിര്‍ദേശങ്ങളും നല്‍കിയിരിക്കുന്നത്.

ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി അന്വേഷണം ഊര്‍ജിതമാക്കാന്‍ ആണ് നടപടി കൈകൊണ്ടിരിക്കുന്നത്. സ്വര്‍ണപ്പാളികള്‍ മാറ്റിയിട്ടുണ്ടെന്ന സംശയം പ്രകടിപ്പിച്ച കോടതി, എസ് ഐ ടിക്ക് സുപ്രധാനമായ നിരവധി നിര്‍ദ്ദേശങ്ങളും നല്കി. പി.എസ്.പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്തെ ഇടപാടുകളും അന്വേഷിക്കാന്‍ നല്കിയ നിര്‍ദ്ദേശമാണ് ഇതില്‍ സുപ്രധാനം. പ്രധാന പ്രതികളുടെയെല്ലാം അക്കൗണ്ടുകളും മരവിപ്പിച്ചു.
ഇന്ന് ശബരിമലയില്‍ വീണ്ടും പരിശോധന നടത്താന്‍ എസ് ഐ ടിക്ക് കോടതി അനുമതി നല്കി. വാതില്പാളി അടക്കം അളക്കാനും പരിശോധിക്കാനുമാണ് ഹൈക്കോടതി അനുമതി. ഫെബ്രുവരി 9 ന് വീണ്ടും കേസ് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
ശബരിമലയില്‍ നടന്നത് വന്‍ കൊള്ളയാണെന്നും സ്വര്‍ണ്ണപ്പാളികള്‍ മാറ്റിയെന്നുമുള്ള സംശയം കൂടുതല്‍ ബലപ്പെട്ടിട്ടുണ്ട്. ശബരിമലയില്‍ നടന്നത് വന്‍ കൊള്ളയെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സ്വര്‍ണ്ണക്കൊള്ള മാത്രമല്ല, സ്വര്‍ണ്ണപ്പാളി തന്നെ മാറ്റിയോ എന്നതടക്കമുള്ള സംശയം ബലപ്പെടുത്തുന്നതാണ് പരിശോധനാ റിപ്പോര്‍ട്ടെന്ന് കോടതി നിരീക്ഷിച്ചു.
ഇക്കാര്യത്തില്‍ പരിശോധന നടത്തിയ വി എസ് എസ് സിയിലെ ഉദ്യോഗസ്ഥരുടെ വിശദമായ മൊഴിയെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പാളികള്‍ മാറ്റിയിട്ടുണ്ടോ എന്നതില്‍ വ്യക്തത ഉണ്ടാക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കണം. പാളികള്‍ പുതിയതാണോ പഴയതാണോ എന്നറിയാന്‍ പരിശോധന നടത്താനും കോടതി നിര്‍ദ്ദേശിച്ചു. . ഫെബ്രുവരി 9 ന് വീണ്ടും കേസ് പരിഗണിക്കുന്നതിനു. മുന്നേ പഴയ വാതിലടക്കം പരിശോധിക്കണം. വി എസ് എസ് സിയുടെ പരിശോധന റിപ്പോര്‍ട്ട് സാങ്കേതിക സ്വഭാവം ഉള്ളതാണ്. വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരണം. അതിന് പരിശോധന നടത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് കൂടുതല്‍ വ്യക്തത ഉണ്ടാക്കണം. ആവശ്യമെങ്കില്‍ മറ്റ് സാങ്കേതിക വിദഗ്ധരുടെ ഉപദേശവും സ്വീകരിക്കാം എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പലതിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുമ്പോള്‍ അവസാന ആശ്രയമാകുന്നത് നീതിപീഠവും നീതിന്യായ വ്യവസ്ഥയുമാണ്. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മാമല മേലെ സത്യം ഉദിച്ചുയരണമെന്ന് വിശ്വാസികളെല്ലാം പ്രാര്‍ത്ഥിക്കുന്നു.
ഹൈക്കോടതി മുന്നില്‍ നില്‍ക്കുന്നത് കൊണ്ട് അന്വേഷണത്തിന്റെ വഴിമുടക്കാന്‍ രാഷ്ട്രീയ ദൈവങ്ങള്‍ പ്രത്യക്ഷപ്പെടില്ല എന്ന് വിശ്വാസികള്‍ കരുതുന്നു.






