കേസെടുത്തയുടൻ ഷിംജിത ഒളിവിൽ?… തെരച്ചിലിനിറങ്ങി പോലീസ്!! ദീപക്കിന്റെ മരണത്തിൽ യുവതിയുടെ ഫോൺ, ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ കണ്ടെത്തുന്നതിന് സൈബർ സെല്ലിന്റെ സഹായം തേടി പോലീസ്, എനിക്ക് വലിയ വിഷമമുണ്ടായി, എനിക്കെതിരെയുള്ള ആരോപണം വ്യാജമാണ് അമ്മാ…- മരിക്കും മുൻപ് മകൻ പറഞ്ഞതായി അമ്മയുടെ മൊഴി

കോഴിക്കോട്: ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ വീഡിയോ ചിത്രീകരിച്ച വടകര സ്വദേശി ഷിംജിത ഒളിവിൽ പോയെന്ന് സൂചന. ഇവർക്കെതിരെ പോലീസ് ഇന്നലെ കേസെടുത്തിരുന്നു. പിന്നാലെ യുവതി മുങ്ങുകയായിരുന്നെന്നാണ് സൂചന. അതേസമയം ഇവർക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് തെരച്ചിൽ തുടങ്ങി.
ദീപക്കിന്റെ അമ്മ നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി സോഷ്യൽമീഡിയ ഇൻഫ്ലുവൻസറായ ഷിംജിതയ്ക്കെതിരെ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ യുവതി ഒളിവിൽ പോയെന്നാണ് വിവരം.
ഇതോടെ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനും യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാനുമാണ് നീക്കം. ഇൻസ്റ്റഗ്രാം വിവരങ്ങൾ ശേഖരിക്കാനായി സൈബർ പോലീസിന്റെ സഹായം തേടി. ഇന്നലെ വൈകിട്ടോടെ മെഡിക്കൽ കോളേജ് പോലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു.
തനിക്കെതിരെയുള്ള ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകൻ സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കൾ പോലീസിന് മൊഴി നൽകിയിരുന്നു. കൂടാതെ ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം കണ്ണൂരിലേക്കുള്ള യാത്രയിൽ ബസിൽവെച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീഡിയോ സഹിതം യുവതി സമൂഹമാധ്യമത്തിൽ ആരോപണം ഉന്നയിച്ചത്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ വ്യാപക സൈബർ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദീപക് മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു. ഞായറാഴ്ചയായിരുന്നു ദീപക്കിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ യുവതിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. യുവതിക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്നായിരുന്നു ഉയർന്ന ആവശ്യം.
അതേസമയം ദീപക്കിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിട്ടുണ്ട്. സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 19-ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.






