‘ഇത് സണ്ണിക്കുള്ള സീറ്റ്!’; കോണ്‍ഗ്രസിന്റെ മഹാപഞ്ചായത്തില്‍ എത്തിയ കെ. സുധാകരനെ മൈന്‍ഡ് ചെയ്യാതെ രാഹുല്‍ ഗാന്ധി; തനിക്ക് അടുത്തിരുന്നപ്പോള്‍ തഞ്ചത്തില്‍ എഴുന്നേല്‍പ്പിച്ചുവിട്ടു; കണ്ണൂര്‍ സിംഹത്തോട് ദേശീയ നേതൃത്വത്തിനും അതൃപ്തിയോ?

കൊച്ചി: കൊച്ചിയില്‍ നടന്ന കോണ്‍ഗ്രസ് മഹാ പഞ്ചായത്തില്‍ മുന്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെ കസേരയില്‍നിന്ന് എഴുന്നേല്‍പ്പിച്ചുവിട്ട് രാഹുല്‍ ഗാന്ധി. വേദിയില്‍ തൊഴുതുനിന്നിട്ടും അദ്ദേഹത്തെ ഗൗനിക്കാതിരുന്ന രാഹുല്‍, തനിക്കരികിലുള്ള കേസരയില്‍ സുധാകരന്‍ ഇരുന്നപ്പോഴാണ് ഒരു കുപ്പി വെള്ളം നല്‍കിയശേഷം എഴുന്നേറ്റു മാറാന്‍ ആവശ്യപ്പെടുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വന്‍ ചര്‍ച്ചയായി.
രാഹുല്‍ വേദിയിലെത്തിയതിനു പിന്നാലെ എല്ലാ നേതാക്കള്‍ക്കുമരികില്‍ എത്തി ഒന്നൊന്നായി കൈകൊടുത്തിട്ടും കെ. സുധാകരന്റെ അരികിലേക്ക് പോകാന്‍ രാഹുല്‍ തയാറായില്ല. സുധാകരനോടുള്ള അനിഷ്ടം പ്രകടമാക്കും വിധമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ശരീരഭാഷ. രാഹുലിന് അരികിലെത്തി തൊഴുതുനിന്നിട്ടും മൈന്‍ഡ് ചെയ്തില്ല.
രാഹുല്‍ഗാന്ധി വേദിയിലെത്തുന്നതുമുതല്‍ കസേരയില്‍ ഇരിക്കുന്നതുവരെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. വേദിയിലേക്ക് എത്തിയ രാഹുല്‍ എം.എം. ഹസന്‍, കെ. മുരളീധരന്‍, ബെന്നി ബെഹനാന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, വി.എസ്. ശിവകുമാര്‍, ദീപ്തി മേരി വര്‍ഗീസ് എന്നിവര്‍ക്കും അദ്ദേഹം കൈകൊടുത്തു. തൊഴുതു നില്‍ക്കുന്ന കെ. സുധാകരനെ കണ്ടതോടെ അതുവരെ നേതാക്കള്‍ക്ക് അരികിലേക്ക് എത്തിയ രാഹുല്‍ സ്വച്ചിട്ടതുപോലെ നിന്നു. പിന്നെ തിരിഞ്ഞു നടന്നു.
കസേരയില്‍തന്റെയടുത്ത് ഇരുന്നപ്പോഴും നയത്തില്‍ അദ്ദേഹത്തെ എഴുന്നേല്‍പ്പിച്ചുവിട്ടു. പകരം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ ഇരുത്തുകയായിരുന്നു.
കേരളം എന്തുകൊണ്ടു വികസിച്ചെന്നും ബംഗാള്‍ എന്തുകൊണ്ടു പിന്നില്‍ പോയെന്നും രാഹുലിനോടു ചോദിച്ച അതിഥി തൊഴിലാളിയുടെ കൈയില്‍നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൈക്ക് തട്ടിയെടുത്തതും വിവാദമായി. രാഹുല്‍ഗാന്ധിയോട് സംസാരിക്കാന്‍ ആര്‍ക്കെങ്കിലും താത്പര്യമുണ്ടോ എന്നു കെ.സി. വേണുഗോപാല്‍ ചോദിച്ചപ്പോഴാണ് യുവാവ് എഴുന്നേറ്റത്.
‘ഹലോ രാഹുല്‍ സാര്‍’ എന്ന് സംബോധന ചെയ്ത യുവാവ്, വികസനത്തെക്കുറിച്ചുള്ള തന്റെ ആശങ്ക പങ്കുവെച്ചു. ഹിന്ദിയില്‍ ചോദ്യം ചോദിച്ച യുവാവിന്റെ പക്കലേക്ക് രാഹുല്‍ ഗാന്ധി നീങ്ങാന്‍ ശ്രമിച്ചെങ്കിലും, വേദിയിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് മൈക്ക് മാറ്റുകയായിരുന്നു. തൊഴിലുറപ്പുമായി ബന്ധപ്പെട്ട കാര്യമാണ് ചോദിക്കുന്നതെന്ന് ഷാഫി പറമ്പില്‍ എംപി വേദിയില്‍ നിന്ന് പറയുന്നുണ്ടായിരുന്നു. എന്നാല്‍ ‘രാഹുലിന് ഹിന്ദി അറിയാമെന്നും അദ്ദേഹത്തോട് സംസാരിക്കാന്‍ അനുവദിക്കണ’മെന്നും യുവാവ് ആവശ്യപ്പെട്ടെങ്കിലും നേതാക്കള്‍ മൈക്ക് നല്‍കാതെ തിരിച്ചയക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.






