കൊച്ചി: എവിടെയെങ്കിലും അപകടം ഉണ്ടായതിന്റെ പേരില്‍ ഗതാഗതം നിയന്ത്രിക്കുന്നതിന് സമമാണ് ആചാരങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളില്‍ നടക്കുന്ന വെടിക്കെട്ട് നിരോധിക്കുന്നതെന്ന് ഹൈക്കോടതി. തൃശ്ശൂര്‍ ആറാട്ടുപുഴ പൂരം, പാലക്കാട് കാവശ്ശേരിപൂരം എന്നിവയുടെ ഭാഗമായുള്ള വെടിക്കെട്ടിന് എഡിഎം അനുമതി നിഷേധിച്ചത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.
ആചാരത്തിന്റെ ഭാഗമായ ക്ഷേത്രങ്ങളില്‍ മറ്റൊരിടത്ത് അപകടം ഉണ്ടായി എന്നതിന്റെ പേരില്‍ വെടിക്കെട്ട് അനുവദിക്കാതിരിക്കരുതെന്നും കോടതി പറഞ്ഞു. എഡിഎംമാരുടെ ഉത്തരവുകള്‍ റദ്ദാക്കിയ ഹൈക്കോടതി കര്‍ശനമായ നിബന്ധനകളോടെ വെടിക്കെട്ടിന് അനുമതി നല്‍കാനും ഉത്തരവിട്ടു.
ആറാട്ടുപുഴ ക്ഷേത്രത്തില്‍ ആചാരത്തിന്റെ ഭാഗമായി കാലങ്ങളായി നടക്കുന്ന വെടിക്കെട്ട് നിരോധിക്കാനാവില്ല. അപകടം ഉണ്ടാകുന്നത് സര്‍ക്കാര്‍ ആവശ്യത്തിന് മുന്‍കരുതല്‍ എടുക്കാത്തതിനാലാണ്. എല്ലാ ക്ഷേത്രങ്ങളിലും വെടിക്കെട്ട് അനുവദിക്കണം എന്നല്ല പറയുന്നത്. വെടിക്കെട്ടിനോടനുബന്ധിച്ച് അപകടം ഉണ്ടാകുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം. അപകടം ഉണ്ടായാല്‍ അത് സര്‍ക്കാരിന്റെ വീഴ്ചയാണ്. അപകടം ഒഴിവാക്കാന്‍ സര്‍ക്കാരിന് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്താം.
ആറാട്ടുപുഴ ക്ഷേത്രോപദേശക സമിതിയും കാവശ്ശേരി പൂരം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുമാണ് ഹൈക്കോടതിയെ സമീപിച്ചത്. 10 ഏക്കറോളം സ്ഥലം ഉള്ളതിനാല്‍ വെടിക്കെട്ട് സുരക്ഷിതമായി നടത്താനാകും എന്നാണ് കാവശ്ശേരി പൂരം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചത്.
സുരക്ഷിതമായി വെടിക്കെട്ട് നടത്താന്‍ സൗകര്യം ഉണ്ടെന്ന് ആറാട്ടുപുഴക്കാരും അറിയിച്ചു. ഇതുവരെ അപകടം ഉണ്ടായിട്ടില്ലെന്നും വിശദീകരിച്ചു. ക്ഷേത്രോത്സവങ്ങള്‍ കേരളത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ആറാട്ടുപുഴ പൂരം കേരളത്തിന്റെ ആകെ ആഘോഷമാണ്. മൂവായിരം വര്‍ഷത്തിലധികം പഴക്കമുള്ളതാണ് ആറാട്ടുപുഴ ക്ഷേത്രം എന്നാണ് കരുതുന്നത്. കാവശ്ശേരി പൂരവുംപ്രശസ്തമാണ്. അവിടെയും വെടിക്കെട്ട് കാലങ്ങളായി ആചാരത്തിന്റെ ഭാഗമാണ്.