ജറുസലേം: ഗാസ്സ മുനമ്പില്‍ വ്യാഴാഴ്ച ഇസ്രായേല്‍ നടത്തിയ രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ 29 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ്സ ആരോഗ്യ മന്ത്രാലയം. സഹായം കാത്തുനിന്നവര്‍ക്കു നേരെയായിരുന്നു ആക്രമണം.
സെന്‍ട്രല്‍ ഗാസ്സയിലെ അല്‍-നുസൈറാത്ത് ക്യാമ്പിലെ ഒരു സഹായ വിതരണ കേന്ദ്രത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്. വടക്കന്‍ ഗാസ്സ റൗണ്ട് എബൗട്ടില്‍ എയ്ഡ് ട്രക്കുകള്‍ക്കായി കാത്തുനിന്ന ജനക്കൂട്ടത്തിന് നേരെ നടത്തിയ വെടിവെപ്പില്‍ 21 പേര്‍ കൊല്ലപ്പെടുകയും 150-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ സഹായകേന്ദ്രങ്ങള്‍ ആക്രമിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഇസ്രായേല്‍ സൈന്യം നിഷേധിച്ചു. വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് മാത്രം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളോട് അഭ്യര്‍ഥിക്കുന്നതായി ഐഡിഎഫ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
മുന്‍പും മാനുഷിക സഹായം കാത്തു നിന്നവര്‍ക്കു നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഫെബ്രുവരി 29ന്, ഗാസ്സ സിറ്റിക്ക് സമീപം സഹായത്തിനായി കാത്തുനിന്ന 100 ലധികം പലസ്തീനികളെ സൈന്യം വെടിവച്ചു കൊന്നതായി പലസ്തീന്‍ ആരോഗ്യ അധികൃതര്‍ പറഞ്ഞു. ഗാസ്സയിലെ ദേര്‍ അല്‍-ബാലയില്‍ വ്യാഴാഴ്ച ഇസ്രായേല്‍ മിസൈല്‍ ഒരു വീടിന് മുകളില്‍ പതിക്കുകയും ഒമ്പത് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഗാസ്സയില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. 24 മണിക്കൂറിനിടെ 149 പേര്‍ കൊല്ലപ്പെടുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 31,490 ആയി. 73,439 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.