CrimeNEWS

മസ്റ്ററിങ് നടന്നില്ല; മദ്യപിച്ചെത്തിയയാള്‍ റേഷന്‍കട ജീവനക്കാരന്റെ തലയില്‍ ബിയര്‍ക്കുപ്പിക്കടിച്ചു

ആലപ്പുഴ: മദ്യപിച്ചെത്തിയയാള്‍ റേഷന്‍കടയില്‍ മസ്റ്ററിങ് നടക്കാഞ്ഞതില്‍ ക്ഷുഭിതനായി ജീവനക്കാരന്റെ തലയില്‍ ബിയര്‍ക്കുപ്പികൊണ്ട് അടിച്ചു. മാന്നാര്‍ കുട്ടമ്പേരൂര്‍ 1654-ാം നമ്പര്‍ സര്‍വീസ് സഹകരണബാങ്കിന്റെ കീഴിലുള്ള എ.ആര്‍.ഡി. 59-ാം നമ്പര്‍ റേഷന്‍കടയിലെ സെയില്‍സ്മാന്‍ വലിയകുളങ്ങര മണലില്‍ കാട്ടില്‍ ശശിധരന്‍ നായര്‍ (59)ക്കാണ് മര്‍ദനമേറ്റത്. ഇതുസംബന്ധിച്ച് കുട്ടമ്പേരൂര്‍ ചെമ്പകമഠത്തില്‍ സനലി(43) നെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. വെള്ളിയാഴ്ച രാവിലെമുതല്‍ മസ്റ്ററിങ്ങില്‍ പാകപ്പിഴകളുണ്ടായിരുന്നു. നാലുമണിക്ക് റേഷന്‍കടതുറന്ന് ഏതാനും മഞ്ഞക്കാര്‍ഡുകാരുടെ മസ്റ്ററിങ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ പിങ്ക് കാര്‍ഡുമായി എത്തിയ സനല്‍ മസ്റ്ററിങ് നടത്തണമെന്ന് ആവശ്യപ്പെട്ടു. അടുത്തദിവസംവരാന്‍ ജീവനക്കാരന്‍ പറഞ്ഞപ്പോള്‍ ക്ഷുഭിതനായി പുറത്തുപോയ ഇയാള്‍ പിന്നീട് മദ്യപിച്ചുകൊണ്ട് തിരികെ വരുകയും കൈയിലുണ്ടായിരുന്ന മദ്യക്കുപ്പികൊണ്ട് ശശിധരന്‍ നായരുടെ തലയ്ക്കടിക്കുകയുമായിരുന്നു.

Signature-ad

പരിക്കേറ്റ ശശിധരന്‍ നായരെ മാവേലിക്കര ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതിയെ പോലീസ് വൈദ്യപരിശോധനയ്ക്കു ഹാജരാക്കി.

Back to top button
error: