LIFELife Style

തുടര്‍ പരാജയങ്ങളിലും പ്രതിഫലം കുറയാത്ത താരം; നയന്‍ വാങ്ങുന്നത് 12 കോടി!

തെന്നിന്ത്യയില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയി അറിയപ്പെടുന്ന നടിയാണ് നയന്‍താര. തമിഴ്നാട്ടില്‍ രണ്ടക്ക പ്രതിഫലം വാങ്ങുന്ന നടിയും നയന്‍താര തന്നെ. നയന്‍താരയുടേതായി അവസാനമിറങ്ങിയ ചിത്രം അന്നപൂരണിയായിരുന്നു. ഭക്ഷണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ചിത്രം ബോക്സ്ഓഫീസില്‍ പരാജയമായിരുന്നു. ഒടിടിയില്‍ ഇറങ്ങിയ ചിത്രം പക്ഷെ വിവാദങ്ങള്‍ കാരണം പിന്‍വലിക്കുകയും ചെയ്തു. തുടര്‍ന്ന് നയന്‍താര വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

നയന്‍താരയുടെ വ്യക്തിപരവും പ്രൊഫഷണലുമായ എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രതിഫലിക്കാറുണ്ട്. പ്രണയം, വിവാഹം, കുഞ്ഞുങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ ആരാധകര്‍ ശ്രമിക്കാറുമുണ്ട്. അടുത്തിടെ നയന്‍താരയും വിഗ്‌നേഷ് ശിവനും പിരിയുന്നു എന്ന വാര്‍ത്തകളും പരന്നിരുന്നു. നയന്‍താര വിഗ്‌നേഷിനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ ഫോളോ ചെയ്തുവെന്ന വാര്‍ത്തയാണ് ഇരുവരും പിരിയുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ നയന്‍താരയോ വിഗ്‌നേഷ് ശിവനോ വാര്‍ത്തയില്‍ ഇതുവരെ ഔദ്യോഗികമായി ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല.

Signature-ad

അഭ്യൂഹങ്ങള്‍ക്കിടെ നയന്‍താര വിഗ്‌നേശ് ശിവനൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെ നിലവിലുള്ള അഭ്യൂഹങ്ങള്‍ ഏറെക്കുറെ അവസാനിച്ചിട്ടുണ്ട്. ഇരുവരും സൗദി അറേബ്യയില്‍ കുടുംബത്തോടൊപ്പം നില്‍ക്കുന്ന ചിത്രമാണ് വൈറല്‍ ആകുന്നത്. മനസിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ നയന്‍താര, തസ്‌കര വീരന്‍, വിസ്മയ തുമ്പത്ത്, രാപ്പകല്‍, ഭാസ്‌കര്‍ ദ റാസ്‌കല്‍, പുതിയ നിയമം തുടങ്ങി ഒരുപിടി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. രാപ്പകലിലെയും മനസിനക്കരെയിലെയും കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തമിഴില്‍ നയന്‍സ് അഭിനയ ജീവിതം ആരംഭിക്കുന്നത് അയ്യ എന്ന സിനിമയിലൂടെയാണ്. ശരത് കുമാര്‍ നായകനായെത്തിയ ചിത്രത്തില്‍ നയന്‍താരയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ലക്ഷ്മി എന്ന സിനിമയിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. 2013ല്‍ തമിഴില്‍ റിലീസായ രാജ റാണി നയന്‍താരയ്ക്ക് മികച്ച നടിക്കുള്ള തമിഴ്നാട് സര്‍ക്കാരിന്റെ സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്തു. 2015ലെ നാനും റൗഡിതാന്‍ സിനിമയിലെ കഥാപാത്രം നയന്‍താരയ്ക്ക് കൂടുതല്‍ ജനപ്രീതി നേടിക്കൊടുത്തു.

നാനും റൗഡിതാന്‍ സംവിധാനം ചെയ്തത് വിഗ്‌നേഷ് ശിവന്‍ ആയിരുന്നു. ഈ ചിത്രത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. എന്നാല്‍ നാനും റൗഡിതാന്‍ കാര്യമായ ബോക്സ് ഓഫീസ് വിജയം നേടാന്‍ സാധിക്കാതെ പോയ ചിത്രമായിരുന്നു. സിനിമ മേഖലയില്‍, പ്രത്യേകിച്ച് തെന്നിന്ത്യയില്‍ സ്ത്രീകള്‍ക്ക് പ്രതിഫലം കുറച്ച് മാത്രം ലഭിച്ചിരുന്ന കാലത്താണ് നയന്‍താര തന്റേതായ പ്രയത്നത്തിലൂടെ ഏറ്റവു കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായി മാറിയത്. തമിഴിലെ പ്രധാനപ്പെട്ട നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിച്ച നടിക്ക് ഹിറ്റുകള്‍ മാത്രമല്ല സംഭവിച്ചിട്ടുള്ളത്.

നയന്‍താര അടുത്ത കാലത്തായി അഭിനയിച്ച പത്തോളം ചിത്രങ്ങള്‍ പരാജയം നേരിട്ടിട്ടുണ്ട്. അപ്പോഴും നയന്‍താരയെന്ന നടി വാങ്ങുന്ന പ്രതിഫലം വളരെ വലുതാണ്. ഷാരൂഖ് ഖാനൊപ്പം ജവാനില്‍ അഭിനയിച്ചതിന് പിന്നാലെ നയന്‍താര പ്രതിഫലം 12 കോടിയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, അടുത്ത കാലങ്ങളായി നയന്‍താര ചെയ്യുന്ന സിനിമകളിലധികവും ബോക്സ്ഓഫീസില്‍ പരാജയമാകുമ്പോഴും എന്തുകൊണ്ടാകും നയന്‍താര വലിയ പ്രതിഫലം വാങ്ങുന്ന നടിയാകുന്നത്?

തുടര്‍ച്ചയായി പരാജയങ്ങള്‍ ഉണ്ടാകുമ്പോഴും നയന്‍താരയെ വെച്ച് സിനിമ ചെയ്യുന്നത് നിര്‍മാണ കമ്പനികള്‍ക്ക് പോലും വലിയ ബഹുമതിയായി തോന്നിയേക്കാം എന്നാണ് കാരണായി വരുന്ന റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, കഥ നല്ലതല്ലെങ്കിലും നയന്‍താര അഭിനയിച്ചാല്‍ തിയറ്ററുകളില്‍ ആളുകളെ നിറയ്ക്കാന്‍ സാധിക്കുമെന്ന തോന്നലാവാം അതിന് കാരണമെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിഗില്‍, കത്തുവാക്കുള്ള രണ്ട് കാതല്‍, അന്ന പൂരണി തുടങ്ങിയ ചിത്രങ്ങള്‍ തിയറ്ററില്‍ പരാജയമായിരുന്നു. അപ്പോഴും നയന്‍താരയുടെ പ്രതിഫലവും ആരാധകകൂട്ടവും ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്.

 

Back to top button
error: