Breaking NewsKeralaLead NewsNEWSNewsthen Special

കാറ്റ് ഇത്തവണ വലത്തോ‌ട്ടോ? സിപിഎം ചെന്നിത്തലയെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനു പിന്നിലുള്ള ലക്ഷ്യമെന്ത്?

രണ്ടരമാസം കൂടി കഴിഞ്ഞാൽ കേരളത്തിൽ ഭരണമാറ്റത്തിന്റെ കാറ്റ് ആഞ്ഞുവീശുമെന്ന് മറ്റാരേക്കാളും നന്നായി ഇടതുപക്ഷത്തിന് ബോധ്യമായിട്ടുണ്ട്. അതിനാൽ തന്നെ എന്തുവിലകൊടുത്തും ഭരണം നിലനിർത്താനുള്ള ശ്രമത്തിലാണ് സിപിഎം. കോടികൾ പൊടിച്ച് പിആർ ചെയ്യുന്നതിനൊപ്പം എതിർ ചേരിയിലെ പ്രധാന നേതാക്കളെ തേടിപ്പിടിച്ച് ആക്രമിക്കുക എന്നതാണ് നിലവിൽ സിപിഎം പയറ്റി പോരുന്ന രാഷ്ട്രീയ തന്ത്രം.

കഴിഞ്ഞ കുറച്ചുകാലമായി സിപിഎം നേതാക്കളും അണികളും ഒരുപോലെ ലക്ഷ്യം വയ്ക്കുന്നത് രമേശ് ചെന്നിത്തലയെയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ അടിവേര് ഇളക്കാൻ കാരണമായ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട പല വിവരങ്ങളും അന്വേഷണ സംഘത്തിന് മുന്നിൽ എത്തിച്ചത് രമേശ് ചെന്നിത്തലയാണ് എന്നത് തന്നെയാണ് ഈ രാഷ്ട്രീയ വേട്ടയാടലിന് പിന്നിലെ പ്രധാന കാരണം. ശബരിമല സ്വർണക്കൊള്ളയിൽ നിന്നും ശ്രദ്ധ തിരിക്കാൻ ശ്രമിച്ചപ്പോഴൊക്കെ സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെ രമേശ് ചെന്നിത്തല തുറന്നുകാട്ടിയിരുന്നു. ശബരിമല സ്വർണ്ണപ്പാളി മോഷണക്കേസിൽ പ്രതികൾക്ക് സിപിഎമ്മിൽ നിന്നും രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ അറിയാതെ ശബരിമലയിൽ ഒന്നും നടക്കില്ലെന്നും രമേശ് ചെന്നിത്തല ആവർത്തിച്ചുകൊണ്ടിരിക്കുന്നത് സിപിഎമ്മിനെ ഈ വിഷയത്തിൽ കൂടുതൽ പ്രതിരോധത്തിലാക്കുന്നുണ്ട് . ഇതാണ് സിപിഎമ്മിനെ രമേശ് ചെന്നിത്തലയ്ക്ക് എതിരെ നീങ്ങാൻ പ്രേരിപ്പിക്കുന്നത്.

Signature-ad

മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ദേവസ്വം മന്ത്രി എൻ വാസൻ ഉൾപ്പടെയുള്ള സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ എല്ലാം രമേശ് ചെന്നിത്തലയെ ലക്ഷ്യം വച്ച് സംസാരിക്കുന്നത് പതിവ് ആയിട്ടുണ്ട്. ഇതൊരു കേവലമായ സൈബർ ആക്രമണം എന്നതിൽ ഉപരി, സിപിഎം സംസ്ഥാന തലത്തിൽ നിന്നുതന്നെയുള്ള ആസൂത്രിതമായ നീക്കമാണ് എന്ന് പറയേണ്ടി വരും. 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണത്തെ നയിക്കാനായി രമേശ് ചെന്നിത്തല നിയോഗിക്കപ്പെടുക കൂടി ചെയ്തിട്ടുള്ള സാഹചര്യത്തിൽ വരും ദിവസങ്ങൾ ഈ രാഷ്ട്രീയ വേട്ടയാടൽ അതിന്റെ എല്ലാ സീമകളും ലംഘിക്കുമെന്നത് തീർച്ചയാണ്.

എന്നാൽ രമേശ് ചെന്നിത്തലയ്ക്ക് നേരെ സിപിഎം ഉതിർക്കുന്നതെല്ലാം ഉണ്ടായില്ല വെടിയാണ് എന്നതാണ് യാഥാർഥ്യം. ഉദാഹരണമായി, ഏതാനും ദിവസങ്ങൾക്ക് മുൻപ് സ്പ്രിംക്ലർ കരാറുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി വന്നപ്പോൾ രമേശ് ചെന്നിത്തല മാപ്പ് പറയണം എന്ന് ആവശ്യവുമായി മുന്നോട്ട് വന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനായിരുന്നു. എന്നാൽ കരാറിൽ അഴിമതിയില്ലായിരുന്നെങ്കിൽ സർക്കാർ പദ്ധതിയിൽ നിന്ന് എന്തിനായിരുന്നു പിന്മാറിയത്? തന്റെ ഇടപെടലുകളെത്തുടർന്നാണ് സർക്കാർ പിന്മാറിയതെന്നും, സ്വകാര്യതയുമായി ബന്ധപ്പെട്ട തന്റെ വാദങ്ങൾ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ശരിവച്ചതല്ലേ എന്നുമുള്ള രമേശ് ചെന്നിത്തലയുടെ
മറുചോദ്യത്തിൽ ഇടതുപക്ഷത്തിന് മറുപടി ഉണ്ടായിരുന്നില്ല.

ഇത്തരത്തിൽ രമേശ് ചെന്നിത്തലയ്ക്ക് നേരെ നെറികെട്ട ആക്രമണം അഴിച്ചുവിടാൻ സി.പി.എമ്മിന് കാരണങ്ങൾ പലതാണ്. ദേവസ്വം ബോർഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിൽ തിരിമറികൾ നടന്നുവെന്ന വാർത്ത സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുമ്പോൾ മാസങ്ങൾക്ക് മുന്നേ തന്നെ സംഘാടകരുടെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്ന ചെന്നിത്തലയുടെ വീഡിയോയും മറുസൈഡിൽ വലിയ രീതിയിൽ ചർച്ച ആവുന്നുണ്ട്. ഇത്തരം പ്രതികരണങ്ങളും ഇടപെടലുകളും സിപിഎമ്മിന് ചില്ലറ തലവേദനയല്ല സൃഷ്ടിക്കുന്നത്.

നിലവിൽ കോൺഗ്രസിന്റെ പ്രചാരണ തലവൻ എന്ന ഉത്തരവാദിത്വം കൂടി രമേശ് ചെന്നിത്തലയിലേക്ക് എത്തുമ്പോൾ, കോൺഗ്രസിനെ അക്രമിക്കണം എങ്കിൽ ചെന്നിത്തലയെ അക്രമിക്കണം എന്ന നിലയിലാണ് സിപിഎം. രാഷ്ട്രീയത്തിൽ ആരോപണ പ്രത്യാരോപണങ്ങൾ സർവ്വ സാധാരണയാണ്, എന്നാൽ ഇത്തരത്തിലുള്ള മാന്യതയുടെ അതിർ വരമ്പുകൾ ലംഘിക്കുന്ന വേട്ടയാടലുകളെ കേരളം ഒരു കാലത്തും പ്രോത്സാഹിപ്പിച്ചു പോന്നിട്ടില്ല എന്നതാണ് ചരിത്രം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: