Breaking NewsIndiaLead NewsNEWSNewsthen SpecialWorld

ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍: 25 വര്‍ഷത്തിന് ശേഷം കടലിലിറങ്ങി റഷ്യയുടെ ‘അഡ്മിറല്‍ നഖിമോവ്’; 175 വെര്‍ട്ടിക്കല്‍ ലോഞ്ചറുകള്‍; ആണവോര്‍ജം; അസാമാന്യ ആയുധശേഷി; വെറും ‘വെള്ളാന’യെന്ന് പരിഹസിച്ച് പാശ്ചാത്യ വിദഗ്ധര്‍

മോസ്‌കോ: എണ്‍പതുകളില്‍ അന്നത്തെ യുഎസ്എസ്ആറിനു വേണ്ടി കടല്‍ അടക്കിഭരിച്ച റഷ്യയുടെ കൂറ്റന്‍ യുദ്ധക്കപ്പല്‍ കോടികളുടെ അറ്റകുറ്റപ്പണികള്‍ക്കുശേഷം വീണ്ടുമിറങ്ങുന്നു. കാല്‍നൂറ്റാണ്ടോളം നടത്തിയ നവീകരണത്തിനു ശേഷമാണ് വീണ്ടും നീരണിഞ്ഞത്.

റഷ്യന്‍ നാവികസേനയിലെ ഏറ്റവും വലിയ സജീവ കപ്പലാണ് ‘അഡ്മിറല്‍ നഖിമോവ്’ (Admiral Nakhimov). ഏകദേശം 25 വര്‍ഷം കപ്പല്‍നിര്‍മ്മാണ ശാലയില്‍ ചിലവഴിച്ച ശേഷമാണ് ക്രൂസര്‍ വീണ്ടും കടലിലിറങ്ങിയത്. ഇത്തവണ 176 വെര്‍ട്ടിക്കല്‍ ലോഞ്ചറുകള്‍ ഉള്‍പ്പെടെയുള്ള അതിശക്തമായ ആയുധശേഖരവുമായാണ് ഇതിന്റെ മടങ്ങിവരവ്.

Signature-ad

വിമാനവാഹിനി കപ്പലുകള്‍ ഒഴിവാക്കിയാല്‍, നിലവില്‍ ലോകത്തിലെ ഏറ്റവും വലുതും ആയുധശേഷിയുള്ളതുമായ യുദ്ധക്കപ്പലാണിത്. ആണവോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ കപ്പല്‍, 1980-കളില്‍ നിര്‍മ്മിക്കപ്പെട്ട വലിയ കപ്പലുകള്‍ക്ക് പകരക്കാരെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന റഷ്യന്‍ നാവികസേനയുടെ പ്രതിസന്ധിയുടെ ഉദാഹരണവുമാണ്.

80-കളിലെ കപ്പലുകള്‍

റഷ്യന്‍ നാവികസേനയിലെ വലിയ കപ്പലുകള്‍ മിക്കവാറും പഴയതാണ്. റഷ്യയുടെ ഏക വിമാനവാഹിനിക്കപ്പലായ ‘അഡ്മിറല്‍ കുസ്‌നെറ്റ്‌സോവ്’ (Admiral Kuznetsov) പ്രതിച്ഛായ നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണ് ഇപ്പോഴും സേനയുടെ ഭാഗമായി തുടരുന്നത്. ഇത് യുദ്ധത്തിന് സജ്ജമല്ല. ഈ കപ്പല്‍ അറ്റകുറ്റപ്പണി നടത്തിയിരുന്ന ഏക ഫ്‌ലോട്ടിംഗ് ഡോക്ക് അപകടത്തില്‍ തകരുകയും ചെയ്തു. അറ്റകുറ്റപ്പണികള്‍ നിര്‍ത്തിവെച്ചതായി 2025-ല്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

റഷ്യയുടെ മിസൈല്‍ ക്രൂസറുകളില്‍ ‘മോസ്‌ക്വ’ (Moskva) 2022-ല്‍ ഉക്രൈന്‍ മുക്കിയിരുന്നു. നിലവില്‍ ‘പ്യോട്ടര്‍ വെലിക്കി’, ‘അഡ്മിറല്‍ നഖിമോവ്’ എന്നീ രണ്ട് ആണവ മിസൈല്‍ ക്രൂസറുകള്‍ മാത്രമാണ് സേവനത്തിലുള്ളത്. ഈ കപ്പലുകളെല്ലാം തന്നെ ഇരുപതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടവയാണ്. ഈയൊരു സാഹചര്യത്തിലാണ് ‘അഡ്മിറല്‍ നഖിമോവ്’ ശ്രദ്ധേയമാകുന്നത്.

ആണവോര്‍ജ്ജ ക്രൂസര്‍

1983-ലാണ് ഈ കപ്പലിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 1988-ല്‍ ഇത് സേനയുടെ ഭാഗമായി. 1999-ല്‍ അറ്റകുറ്റപ്പണിക്കായി ഡോക്കില്‍ കയറ്റിയ കപ്പല്‍ കാല്‍ നൂറ്റാണ്ടിന് ശേഷമാണ് പുറത്തിറങ്ങിയത്. 28,000 ടണ്‍ ഭാരമുള്ള ഈ കപ്പലിന് 252 മീറ്റര്‍ നീളമുണ്ട്. ആണവ റിയാക്ടറുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇതിന് മണിക്കൂറില്‍ 59 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കും.

മറ്റ് രാജ്യങ്ങളിലെ യുദ്ധക്കപ്പലുകളെ അപേക്ഷിച്ച് അസാമാന്യമായ ആയുധശേഷിയാണ് അഡ്മിറല്‍ നഖിമോവിനുള്ളത്:

ആകെ ലോഞ്ചറുകള്‍: 176 വെര്‍ട്ടിക്കല്‍ ലോഞ്ചറുകള്‍.

S-400 മിസൈലുകള്‍: വ്യോമപ്രതിരോധത്തിനായി 96 ലോഞ്ചറുകള്‍.

മറ്റ് മിസൈലുകള്‍: ഒനിക്‌സ് (Onyx), കാലിബര്‍ (Kalibr), സിര്‍കോണ്‍ (Zircon) തുടങ്ങിയ മിസൈലുകള്‍ക്കായി 80 ലോഞ്ചറുകള്‍.

ദക്ഷിണ കൊറിയയുടെ സെജോങ് ദ ഗ്രേറ്റ് (128 ലോഞ്ചറുകള്‍), ചൈനയുടെ ടൈപ്പ് 055 (112 ലോഞ്ചറുകള്‍), അമേരിക്കയുടെ ആര്‍ലീ ബര്‍ക്ക് (96 ലോഞ്ചറുകള്‍) എന്നിവയേക്കാള്‍ ആയുധശേഷിയില്‍ ഈ കപ്പല്‍ ബഹുദൂരം മുന്നിലാണ്.

വെള്ളാനയോ?

എന്നാല്‍, ലോഞ്ചറുകളുടെ എണ്ണം മാത്രം യുദ്ധത്തില്‍ വിജയമുറപ്പിക്കില്ലെന്ന് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 2-5 ബില്യണ്‍ ഡോളര്‍ ചിലവാക്കിയുള്ള ഈ നവീകരണം പാഴായേക്കാം എന്നാണ് വിശകലന വിദഗ്ധനായ എച്ച്.ഐ. സട്ടണ്‍ (H.I. Sutton) പറയുന്നത്. പ്രധാന ആയുധങ്ങള്‍ നവീകരിച്ചെങ്കിലും, കടലിലൂടെ എത്തുന്ന ചെറിയ ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഈ വലിയ കപ്പലിന് എത്രത്തോളം സാധിക്കുമെന്ന് ഉറപ്പില്ല. ചുരുക്കത്തില്‍, റഷ്യയെ സംബന്ധിച്ചിടത്തോളം ‘അഡ്മിറല്‍ നഖിമോവ്’ ഒരു ‘വെള്ളാന’യെപ്പോലെയാണ്. വലിയ ചിലവുള്ളതും എന്നാല്‍ പ്രായോഗികമായി ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ ഒന്നാണിത്. മുങ്ങിപ്പോകുമോ എന്ന ഭയം കാരണം ഇതിനെ യുദ്ധമുഖത്ത് ഇറക്കാന്‍ റഷ്യ മടിച്ചേക്കാം. 2026-ല്‍ ഈ കപ്പല്‍ പൂര്‍ണ്ണമായി പ്രവര്‍ത്തനസജ്ജമാകും.

 

‘ന്യൂസ്ദെൻ’ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകു.

ഫെയ്സ്ബുക്ക് പേജ്

യൂട്യൂബ് ചാനല്

 

#RussianNavy, #AdmiralNakhimov, #Warship, #NuclearPowered, #MissileCruiser, #DefenseNews, #MilitaryUpdates, #ZirconMissile, #S400, #NavalPower, #MalayalamNews, #InternationalDefence. #Russia, #NavalNews, #WorldLargestWarship, #RussianMilitary, #SeaTrials2026, #Modernization, #GlobalDefense, #WarfareTechnology, #BreakingNewsMalayalam.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: