Breaking NewsKeralaLead NewsNEWS

ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ കോൺ​ഗ്രസിലേക്ക്? നാളെ കോൺ​ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച…നാളെ എന്ത് സംഭവിക്കും എന്ന് ഇന്ന് പറയാൻ കഴിയില്ല… ഇടത് സഹയാത്രികൻ ആയിട്ടും ഞാൻ സിപിഎമ്മിൽ അംഗത്വം എടുത്തിട്ടില്ല- പ്രേംകുമാർ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ കോൺ​ഗ്രസിലേക്കെന്ന് സൂചന. കെസി വേണുഗോപാൽ പ്രേംകുമാറുമായി സംസാരിച്ചു. നാളെ ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. പാർട്ടിയിലെത്തിയാൽ പരിഗണന വാഗ്ദാനം ചെയ്യുമെന്നാണ് വാക്ക്. ചലച്ചിത്ര അക്കാദമി ചെയൻമാൻ സ്ഥാനം നഷ്ടപ്പെട്ടതുമുതൽ പ്രേംകുമാറിനെ കോൺ​ഗ്രസ് പാർട്ടിയിലേക്ക് എത്തിക്കാനുള്ള നീക്കങ്ങൾ നേതാക്കൾ നടത്തിയിരുന്നു.

കൂടാതെ തിരുവനന്തപുരം ഡിസി പ്രസിഡൻ്റ് ഒരു ചടങ്ങിനിടെ പ്രേംകുമാറിനോട് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാൽ, അതിന് അനുകൂലമായോ പ്രതികൂലമായോ പ്രേംകുമാർ നിലപാട് എടുത്തിരുന്നില്ല. എന്നാൽ, ഇപ്പോൾ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റം ചെയ്തതിലെ അമർഷം അദ്ദേഹം നിരന്തരം പൊതുമധ്യത്തിൽ പ്രകടിപ്പിക്കുന്നുമുണ്ട്.

Signature-ad

അതേസമയം കോൺഗ്രസിലേക്ക് പോകുമോ എന്ന ചോദ്യത്തിന് അത്തരം ചർച്ചകൾ ഉണ്ടായിട്ടില്ല എന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം. സ്വതന്ത്രമായി നിർഭയം അഭിപ്രായങ്ങൾ പറയാൻ പറ്റണം. മുൻകൂട്ടി തീരുമാനിച്ചു ജീവിതത്തെ സമീപിക്കുന്ന ആളല്ല താൻ. നാളെ എന്ത് സംഭവിക്കും എന്ന് ഇന്ന് പറയാൻ കഴിയില്ല. ഇടത് സഹയാത്രികൻ ആയിട്ടും താൻ സിപിഎമ്മിൽ അംഗത്വം എടുത്തിട്ടില്ലെന്നും പ്രേംകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

അതുപോലെ കേരളത്തിൽ സംസ്കാരിക വകുപ്പിന്റെ കീഴിൽ വേറെയും അക്കാദമികൾ ഉണ്ട്. ഏതൊക്കെ അക്കാദമികളിലാണ് കാലാവധി കഴിഞ്ഞ ഉടനെ ചെയർമാന്മാരെ മാറ്റിയിട്ടുള്ളത്. പലയിടത്തും ഇതേപടി തുടരുന്നു. ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയത് സ്വാഭാവിക നടപടിയെന്ന് വിശ്വസിക്കാൻ തനിക്കു ബുദ്ധിമുട്ടുണ്ട്. വൈസ് ചെയർമാൻ എന്ന നിലയിൽ കാലാവധി കഴിഞ്ഞപ്പോൾ മാറ്റാമായിരുന്നല്ലോ? തന്റെ പ്രവർത്തനത്തിന്റെ മികവ് കൂടി പരിഗണിച്ചാണ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചത്. ചലച്ചിത്ര പ്രവർത്തകരുടെ പ്രശ്നങ്ങൾ മുഴുവൻ നേരിട്ട് കേട്ട ആളാണ് താൻ. എല്ലാം പാതിവഴിയിൽ നിൽക്കുമ്പോൾ ആണ് തന്നെ മാറ്റിയത്. എന്ത് അടിയന്തര സാഹചര്യമായിരുന്നു അന്ന് ഉണ്ടായത്? ആശ സമരം പരിഹരിക്കാൻ ഇടപെടൽ ഉണ്ടാകണമെന്ന് സദുദ്ദേശത്തോടെയാണ് താൻ പറഞ്ഞത്. അതൊരു വിമർശനമായിരുന്നില്ല. സഹപ്രവർത്തകരിൽ ആരോ തന്നെയാണ് ആ വിവരം മാധ്യമപ്രവർത്തകർക്ക് ചോർത്തി കൊടുത്തത്.

ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ സെക്രട്ടറിയേറ്റിനു മുൻപിൽ ഒരു സമരവും നടക്കാൻ പാടില്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് താൻ. സർക്കാരിനെതിരെ വിമർശനങ്ങൾ നടത്തിയിട്ടും സച്ചിദാനന്ദൻ ഇപ്പോഴും ഈ സ്ഥാനത്ത് തുടരുന്നു. സ്വാഭാവിക നടപടി അല്ല തന്റെ കാര്യത്തിൽ സ്വീകരിച്ചത്. രണ്ട് അക്കാദമികൾക്കും തുല്യപ്രാധാന്യമാണ് ഉള്ളത്. ഒരു വ്യക്തിയും പാർട്ടിയിൽ നിന്നോ സർക്കാരിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ തന്നെ വിളിച്ചിട്ടില്ല. ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറി എത്രനാളായി അതേ സ്ഥാനത്ത് തുടരുന്നു. പദവിയുടെ കാര്യത്തിൽ സർക്കാർ കാണിച്ചത് ഇരട്ട നീതിയാണെന്ന് പ്രേംകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: