KeralaNEWS

കാരറ്റും ബീറ്റ്റൂട്ടും കാബേജും വരെ വിളയിച്ച് കാക്കനാട്ടെ യുവ കർഷകൻ

കൊച്ചി: ബിസിനസ് തിരക്കുകള്‍ക്കിടയിലും ജൈവകൃഷിക്കായി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുകയാണ് കാക്കനാട് സ്വദേശി നൗഫല്‍ മുബാറക്ക്.

തൃക്കാക്കര വള്ളത്തോള്‍ ജങ്ഷനിലെ ഷട്ടില്‍ കോർട്ടിലാണ് കൃഷി ഒരുക്കിയത്. മാർക്കറ്റില്‍നിന്ന് കിട്ടുന്ന പച്ചക്കറികളില്‍ ഏറെയും  കീടനാശിനി അടങ്ങിയതാണെന്ന തിരിച്ചറിവാണ് ജൈവ പച്ചക്കറികൃഷി ചെയ്യാൻ നൗഫലിനെ പ്രേരിപ്പിച്ചത്. തക്കാളി, കബേജ്, കോളിഫ്ലവർ, ചീര, വെണ്ട, പയർ, പീച്ചിങ്ങ, കുക്കുംബർ, വഴുതന എന്നീ പച്ചക്കറികളും നൗഫല്‍ മുബാറക്കിന്‍റെ തോട്ടത്തിലുണ്ട്.കാരറ്റ്, ബീറ്റ്റൂട്ട്‌ കൃഷി വിളവെടുപ്പ് നേരത്തെ നടത്തിയിരുന്നു.

Signature-ad

കുറച്ച്‌ വർഷങ്ങളായി കാക്കനാട്, പള്ളിക്കര മേഖലകളില്‍ വിവിധ ഇടങ്ങളില്‍ സ്ഥലം വാടകക്ക് എടുത്ത് കൃഷി ചെയ്തുവരികയായിരുന്നു നൗഫല്‍. ഇതിനിടെ ബന്ധു ഗോഡൗണിനായി പാട്ടത്തിനെടുത്ത സ്ഥലത്ത് ഉപയോഗിക്കാതെ കിടന്ന ഷട്ടില്‍ കോർട്ട് ഉപയോഗപ്പെടുത്തി.

ഞായറാഴ്ചകളില്‍ രാവിലെ എട്ട് മുതല്‍ 11 വരെ പ്രവർത്തിക്കുന്ന കാക്കനാട് എല്‍.പി സ്‌കൂളിലെ കര്‍ഷകരുടെ നാട്ടുചന്തയില്‍ നൗഫലിന്‍റെ കൃഷിയിടത്തിലെ പച്ചക്കറികള്‍ വില്‍പ്പനക്കുണ്ടാകും. ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ നേരിട്ട് വില്‍പന നടത്തുന്ന ഇടമാണിത്. ഒമ്ബത് കർഷകരും 50 ഉപഭോക്താക്കളുമായി എട്ട് വർഷം മുമ്ബ് തുടങ്ങിയ നാട്ടുചന്തയില്‍ ഇപ്പോള്‍ 35 കർഷകരും രണ്ടായിരത്തോളം ഉപഭോക്താക്കളും ഉണ്ട്.

Back to top button
error: