ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെ രാമനാഥപുരത്തുനിന്ന് മത്സരിക്കുമെന്ന് സൂചന. ദക്ഷിണേന്ത്യയില്‍ ബി.ജെ.പിക്ക് കൂടുതല്‍ പ്രാധാന്യം നല്കാന് മോദി ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു. അതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഉത്തര്‍പ്രദേശിലെ വരാണസി തന്നെയായിരിക്കും മോദിയുടെ പ്രഥമ മണ്ഡലം.
രാമേശ്വരം ക്ഷേത്രം നിലനില്‍ക്കുന്നത് രാമനാഥപുരത്താണ്. തമിഴ്നാട്ടിലെത്തുമ്പോഴും, അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന വേളയിലും മോദി രാമേശ്വരം സന്ദര്‍ശിച്ചിരുന്നു. മുസ്ലിം ലീഗിന്റെ സിറ്റിങ് മണ്ഡലമാണ് രാമനാഥപുരം. മുസ്ലിം ലീഗിന്റെ നവാസ് കനിയാണ് നിലവില്‍ രാമനാഥപുരം എം.പി. അടുത്ത തെരഞ്ഞെടുപ്പിലും നവാസ് കനി തന്നെയാണ് രാമനാഥപുരത്ത് ഇന്‍ഡ്യ മുന്നണിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.
ദക്ഷിണേന്ത്യയില്‍ ബി.ജെ.പിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കര്‍ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസ് ഭരണം പിടിച്ചതോടെ ദക്ഷിണേന്ത്യയിലേക്ക് കയറാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ നിലച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ മത്സരരംഗത്തിറക്കി പുതിയ നീക്കങ്ങള്‍ നടത്താന്‍ ബി.ജെ.പി ആലോചിക്കുന്നത്.