CrimeNEWS

സിദ്ധാര്‍ത്ഥന്റെ മരണം: ആറു പേര്‍ക്ക് കൂടി സസ്പെന്‍ഷന്‍; ഡീനിനോട് വിശദീകരണം തേടി

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ആറു പേര്‍ക്ക് കൂടി സസ്പെന്‍ഷന്‍. കേസില്‍ ആദ്യം അറസ്റ്റിലായ ആറുപേരെയാണ് സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തത്. 12 വിദ്യാര്‍ത്ഥികളെ ഫെബ്രുവരി 22 ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

ഇതോടെ കേസില്‍ പ്രതികളായ 18 വിദ്യാര്‍ത്ഥികളും സസ്പെന്‍ഷനിലായി. സംഭവത്തില്‍ കോളജ് ഡീനിനോട് സര്‍വകലാശാല രജിസ്ട്രാര്‍ വിശദീകരണം തേടി. മര്‍ദ്ദന വിവരം അറിയാന്‍ വൈകിയതിലാണ് കോളജ് ഡീന്‍ ഡോ. എംകെ നാരായണനോട് വിശദീകരണം തേടിയത്.

സംഭവം അറിഞ്ഞില്ലെന്നാണ് ഡീന്‍ ഡോ. നാരായണന്‍ വിശദീകരണം നല്‍കിയത്. അറിഞ്ഞയുടന്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തുവെന്നും ഡീന്‍ അറിയിച്ചു. കോളജ് കാമ്പസില്‍ ഇത്തരം മര്‍ദ്ദനങ്ങള്‍ പതിവാണെന്ന വിദ്യാര്‍ത്ഥികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചു.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കോളജ് അധികൃതര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പ്രോ വൈസ് ചാന്‍സലര്‍ കൂടിയായ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. സിദ്ധാര്‍ത്ഥന്റെ മരണം യഥാസമയം വീട്ടുകാരെ അറിയിക്കുന്നതില്‍ ഡീനിന് വീഴ്ച പറ്റി. എന്നാല്‍ സിദ്ധാര്‍ത്ഥനെ ആശുപത്രിയില്‍ എത്തിച്ചതും , തുടര്‍നടപടി സ്വീകരിച്ചതും ഡീന്‍ നാരായണന്‍ ആണെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു.

 

Back to top button
error: