ആലപ്പുഴ: അസഭ്യപരാമര്‍ശ വിവാദത്തില്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന് പിന്നാലെ മാധ്യമങ്ങളെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും. സുധാകരനുമായി ജ്യേഷ്ഠാനുജ ബന്ധത്തിനപ്പുറം തമ്മില്‍ സുഹൃദ് ബന്ധമാണുള്ളതെന്നും ‘ഇവന് എവിടെ പോയി കിടക്കുന്നു’വെന്ന് ചോദിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടെന്നും സതീശന് മാധ്യമങ്ങളോട് പ്രതികരിച്ചു.
കെ.പി.സി.സി. അധ്യക്ഷന്ഏറെനേരം തനിക്ക് വേണ്ടി കാത്തുനിന്നു. വൈ.എം.സി.എയുടെ ചടങ്ങില്‍ പോയതുകെണ്ട് താന്‍ അല്പം വൈകി. വളരെ നിഷ്കളങ്കനായി അദ്ദേഹം സംസാരിച്ചതിനെ വളച്ചൊടിക്കേണ്ടതില്ല. നിങ്ങള്‍ (മാധ്യമങ്ങള്‍) വരുമ്പോള്‍ ക്യാമറാമാനെ കണ്ടില്ലെങ്കില്‍ ഇതേവാക്കുകളില്‍ തന്നെ പ്രതികരിക്കില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഇത് വാര്‍ത്തയാക്കാനില്ലെന്നും സതീശന് ആരാഞ്ഞു.
ശനിയാഴ്ച രാവിലെയാണ് വിവാദമായ സംഭവമുണ്ടായത്. ‘സമരാഗ്നി’യുടെ ഭാഗമായി ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനായി വി.ഡി. സതീശന് എത്താന്‍ വൈകിയതാണ് സുധാകരനെ പ്രകോപിപ്പിച്ചത്. സതീശനെതിരെ സുധാകരന് തെറിവാക്ക് പറഞ്ഞപ്പോള്‍, മൈക്ക് ഓണാണെന്നും ക്യാമറയുണ്ടെന്നും ഓര്‍മിപ്പിച്ച് ഷാനിമോള്‍ ഉസ്മാനടക്കമുള്ള നേതാക്കള്‍ സുധാകരനെ കൂടുതല്‍ സംസാരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.